ബംഗലൂരു: കന്നഡഭാഷയിലെ പ്രധാന വാര്‍ത്ത ചാനലായ സുവര്‍ണ്ണ ന്യൂസ്, ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ് എന്ന പേരില്‍ റീബ്രാന്‍റ് ചെയ്യുന്നു. 12 കൊല്ലത്തെ വിജയകരമായ പ്രദേശിക വാര്‍ത്ത പ്രക്ഷേപണത്തിന്‍റെ അനുഭവകരുത്താണ് പുതിയ രൂപത്തിലും ഭാഗത്തിലും അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലോഗോയും, നേരോടെ നിര്‍ഭയം, നിരന്തരം എന്ന ലോഗോയും സുവര്‍ണ്ണ ന്യൂസിനെ പുതിയ രൂപമാറ്റത്തിലൂടെ പുതിയൊരു പ്രദേശിക ദേശീയ സ്വത്വമാക്കി മാറ്റും. പുതിയ മാറ്റത്തിന് അനുയോജ്യമായ പുതിയ പരിപാടികളും മറ്റും ചാനലിന് കന്നഡ വാര്‍ത്ത സംപ്രേഷണ രംഗത്ത് പുതിയ ചുവടുവയ്പ്പിന് അവസരം നല്‍കും.

പ്രദേശിക വാര്‍ത്ത രംഗത്ത് അതിവേഗത്തില്‍ വളരുന്ന ഒരു ചാനലാണ് സുവര്‍ണ്ണ ന്യൂസ്. ദീര്‍ഘവീക്ഷണമുള്ളതും, ക്രിയാത്മകവുമായ വാര്‍ത്ത റിപ്പോര്‍ട്ടിംഗ് ശൈലിയിലൂടെ ജനങ്ങളെ ശാക്തീകരിക്കാന്‍ ഉതകുന്ന രീതിയാണ് സുവര്‍ണ്ണ ന്യൂസ് സ്വീകരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എന്നത് കൂടി അടയാള വാക്യമായി സ്വീകരിക്കുന്നതിലൂടെ ഒരു ദേശീയ തലത്തിലുള്ള വളര്‍ച്ചയും, പ്രദേശികതലത്തില്‍ സമാനതകള്‍ ഇല്ലാത്ത സാന്നിധ്യമാണ് സുവര്‍ണ്ണ ന്യൂസ് ആഗ്രഹിക്കുന്നത് - ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍റ് എന്‍റര്‍ടെയ്മെന്‍റ് പ്രൈ. ലിമിറ്റഡ് സിഇഒ അഭിനവ് ഖാരെ പറഞ്ഞു.

കര്‍ണ്ണാടക വാര്‍ത്ത സംപ്രേഷണ രംഗത്ത് വലിയൊരു മാറ്റം വരുത്തുന്ന നീക്കമാണ് സുവര്‍ണ്ണ നടത്താന്‍ പോകുന്നത്. പ്രൈം ടൈംമില്‍ അടക്കം വലിയ മാറ്റങ്ങള്‍ ഇതിലൂടെ ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ് ലക്ഷ്യമിടുന്നു. ഒരു ദിവസത്തെ ആവേശമല്ല ഈ റീബ്രാന്‍റിംഗ് നല്‍കുന്നത്. ഇത്തരം ഒരു മാറ്റത്തിലൂടെ സുവര്‍ണ്ണയുടെ ജേര്‍ണലിസം രീതികളിലും ഗൌരവമായ ശ്രദ്ധയുണ്ടാകും. ഇപ്പോഴത്തെ കോപ്പി ക്യാറ്റ് മാധ്യമ രീതികളില്‍ നിന്നും മാറി വിശ്വസ്തമായ ഒരു ദൃശ്യ സാന്നിധ്യമായി നേരോടെ, നിര്‍ഭയം, നിരന്തരം ഏഷ്യാനെറ്റ് ന്യൂസ് സുവര്‍ണ്ണ ഉണ്ടാകും - ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് രവി ഹെഗ്ഡേ പറയുന്നു.

കാഴ്ചക്കാരന്‍റെ അഭിരുചികള്‍ മാറുന്നതിന് അനുസരിച്ച് മാറേണ്ടതാണ് ന്യൂസ് ടെലിവിഷനുകള്‍. അത്തരത്തില്‍ നോക്കിയാല്‍ അതിവേഗം കാഴ്ചക്കാരന്‍റെ അഭിരുചിക്ക് അനുസരിച്ച് കൃത്യമായതും, വളരെ അധികം ഗവേഷണങ്ങള്‍ നടത്തിയതുമായ ഉള്ളടക്കം പ്രേക്ഷകന് നല്‍കാന്‍ സുവര്‍ണ്ണ ന്യൂസിന് സാധിക്കുന്നുണ്ട് -ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍റ് എന്‍റര്‍ടെയ്മെന്‍റ് പ്രൈ. ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദേശീയ പ്രദേശിക ബ്രാന്‍റാണ് ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍റ് എന്‍റര്‍ടെയ്മെന്‍റ് പ്രൈ. ലിമിറ്റഡ്. രണ്ട് ദശകത്തോളമായി മലയാളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ്, കര്‍ണാടകയിലെ പ്രധാന വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ്, 50 വര്‍ഷത്തെ പാരമ്പര്യമുള്ള കന്നഡ ദിനപത്രം കന്നഡപ്രഭ, 7 ഭാഷകളിലായി 1 ബില്ല്യണ്‍ മാസ വായനക്കാരുള്ള www.asianetnews.com ന്‍‍റെ കീഴിലെ ഏഴ് ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍. ഗോവയിലും ബംഗലൂരുവില്‍ പ്രവര്‍‍ത്തിക്കുന്ന ഇന്ത്യയിലെ അന്താരാഷ്ട്ര റേഡിയോ സ്റ്റേഷനായ ഇന്‍റിഗോ റെഡിയോ എന്നിവ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍റ് എന്‍റര്‍ടെയ്മെന്‍റ് പ്രൈ. ലിമിറ്റഡിന്‍റെ ഭാഗമാണ്.