ചെന്നൈ: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് പൊയസ് ഗാര്‍ഡനിലെ വസതിയില്‍ കൂടിക്കാഴ്‍ച നടത്തുന്നു. രാഷ്ട്രീയത്തിൽ നിന്ന് താരം പിൻമാറുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൂടിക്കാഴ്‍ച എന്നത് ശ്രദ്ധേയമാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് താരം പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.  2016ൽ യുഎസിൽ നടന്ന വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് പിൻമാറ്റം. 

കൊവിഡ് വാക്സിൻ വിജയിക്കാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് അപകടമായിരിക്കുമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി താരം വ്യക്തമാക്കി.  രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനുള്ള തയാറെടുപ്പുകൾ ഒന്നും നടത്തുന്നില്ല. ഡിസംബർ ആയിട്ടും കൊവിഡ് സ്ഥിതിയിൽ മാറ്റമില്ലെങ്കിൽ രാഷ്ട്രീയ പ്രവേശനത്തിന് പ്രസക്തിയില്ലെന്ന് രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.