ദില്ലി: പുല്‍വാമ രക്തസാക്ഷി ദിനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗ് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. ഷഹീന്‍ബാഗില്‍ താന്‍ ഇന്ത്യയെ കണ്ടെത്തിയെന്ന് ടി എന്‍ പ്രതാപന്‍ ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമ രക്തസാക്ഷി ദിനമായ ഫെബ്രുവരി 14നാണ് എംപി കുടുംബത്തോടൊപ്പം ഷഹീന്‍ബാഗ് സന്ദര്‍ശിച്ചത്. 

'പുല്‍വാമ രക്തസാക്ഷി ദിനത്തില്‍ ഞാനും കുടുംബവും ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്തെത്തി ധീരരായ വനിതകളെ കണ്ടു. അവിടെ ഞാന്‍ ഇന്ത്യയെ കണ്ടെത്തി. നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും മനോഹരമായ ആത്മാവ്  അവിടെ ഉദിക്കുന്നുണ്ട്. അവിടേക്ക് പോകൂ, അതനുഭവിക്കൂ'- ടി എന്‍ പ്രതാപന്‍ ട്വീറ്റ് ചെയ്തു. 

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്ക‍ാർ നടത്തിയ മാർച്ച് പൊലീസ് തട‌ഞ്ഞിരുന്നു. മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചതോടെ സമരക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അമിത് ഷായുടെ വീട്ടിലേക്ക് മാർ‍ച്ച് നടത്താൻ അനുമതി തേടി ഷാഹിൻബാഗ് സമരക്കാർ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ്‌ ദില്ലി ഡിസിപി ആർ പി മീണ വ്യക്തമാക്കി.

Read More: അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്കാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

അയ്യായിരം പേരുടെ മാര്‍ച്ചിന് അനുമതി നൽകാനാവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. അഞ്ച് പേര്‍ക്ക് അനുമതി നൽകാമെന്നായിരുന്നു പൊലീസ് നിലപാട്. കഴിഞ്ഞ ഡിസംബർ 15 മുതൽ ഷാഹീൻബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.