ദില്ലി: ഐബി ഓഫീസര്‍ അങ്കിത് ശർമ്മയുടെ  കൊലപാതകത്തിൽ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിർ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ്. നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നും താഹിര്‍ ഒളിവിലല്ലെന്നും ദില്ലി പൊലീസ് പിആര്‍ഒ വ്യക്തമാക്കി. ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്‍റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്. 

അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപിച്ചത്. നെഹ്‌റു വിഹാറിൽ നിന്നുള്ള കൗൺസിലറാണ് താഹിർ ഹുസ്സൈൻ. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. 

അതേസമയം ജഫ്രബാദില്‍  പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്ക് നേരെ നിറയൊഴിച്ചതിന് അറസ്റ്റിലായ ഷാരൂഖിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി പൊലീസ് ഷാരൂഖിനെ പിടികൂടിയത്. അതേസമയം കലാപത്തിലെ പൊലീസ് വീഴ്ച പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാര്‍ലമെന്‍റിലെത്തിയായിരുന്നു കെജ്രിവാള്‍ പ്രധാനമന്ത്രിയെ കണ്ടത്.