ഹെലികോപ്റ്ററിൽ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഗുപ്ത്കാശിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

മുംബൈ: "നമ്മുടെ മകളെ നന്നായി നോക്കൂ, അവൾക്ക് സുഖമില്ല" ,ചൊവ്വാഴ്ചയുണ്ടായ ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അവസാനമായി ഭാര്യയുമായി സംസാരിച്ച വാക്കുകളാണിത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പൈലറ്റ് അനിൽ സിംഗിന്റെ ഈ വാക്കുകൾ. അന്ധേരിയിൽ ഭാര്യ ഷിറിൻ ആനന്ദിതയ്ക്കും മകൾ ഫിറോസ സിംഗിനുമൊപ്പമായിരുന്നു അനിൽ സിംഗ് (57) താമസിച്ചിരുന്നത്. 

ആര്യൻ ഏവിയേഷന്റെ കീഴിലുള്ള ബെൽ 407 (VT-RPN) ഹെലികോപ്റ്ററിൽ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഗുപ്ത്കാശിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കുന്നിൽ ഇടിച്ച് ഹെലികോപ്റ്റർ തകരുകയായിരുന്നു. രാവിലെ 11.45 ഓടെയാണ് അപകടമുണ്ടായതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് പറഞ്ഞു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് തീർത്ഥാടകരും അപകടത്തിൽ മരിച്ചു. 

ഭർത്താവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ താനും മകളും ദില്ലിയിലേക്ക് പോകുമെന്ന് ആനന്ദിത പറഞ്ഞു. "തിങ്കളാഴ്‌ച ആയിരുന്നു ഞങ്ങളുടെ അവസാനത്തെ കോൾ. ഞങ്ങളുടെ മകൾക്ക് സുഖമില്ല. അവളെ പരിപാലിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു," തിരക്കഥാകൃത്തായ ആനന്ദിത ഫോണിൽ പിടിഐയോട് പറഞ്ഞു. ദില്ലിയിലെ ഷഹാദ്ര പ്രദേശവാസിയായ സിംഗ് കഴിഞ്ഞ 15 വർഷമായി മുംബൈയിലാണ് താമസം. 

എന്നാൽ, അപകടമായതിനാൽ തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്ന് ആനന്ദിത പറഞ്ഞു. മാത്രമല്ല, ഉത്തരാഖണ്ഡിൽ എപ്പോഴും പ്രതികൂല കാലാവസ്ഥയാണെന്നും അവർ പറഞ്ഞു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ എന്നിവയുടെ ടീമുകൾ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആര്യൻ ഏവിയേഷനെതിരെ ചില നിയമ ലംഘനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അടുത്തിടെ 5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഡിജിസിഎ വെബ്‌സൈറ്റ് പ്രകാരം കമ്പനിയുടെ അഞ്ച് ഹെലികോപ്റ്ററുകളിൽ 6 സീറ്റുള്ള ഒരേയൊരു ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.