അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ കേരളത്തിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഒ.പനീർ ശെൽവം ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇതിനായി ഉപയോഗിക്കണമെന്നും പനീർ ശെൽവം ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ചെന്നൈ: മുല്ലപ്പെരിയാർ വിഷയം വീണ്ടും ചർച്ച ചെയ്ത് തമിഴ്നാട് നിയമസഭ. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ കേരളത്തിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഒ.പനീർ ശെൽവം ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇതിനായി ഉപയോഗിക്കണമെന്നും പനീർ ശെൽവം ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

അണക്കെട്ട് മേൽനോട്ട സമിതിയുടെ ശുപാർശകൾ അംഗീകരിക്കണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ മറുപടി നൽകി. സുരക്ഷാ അതോറിറ്റിയുടെ അധികാരം മേൽനോട്ടസമിതിക്ക് നൽകാനുള്ള തീരുമാനം അംഗീകരിക്കാതെ വഴിയില്ലെന്നാണ് നിയമോപദേശം. എങ്കിലും മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പ്രതിപക്ഷ നേതാവിനോടടക്കം ഇക്കാര്യത്തിൽ മുഖ്യമന്ത്രി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, പട്ടാളി മക്കൾ കക്ഷി, സിപിഐ, സിപിഎം, തമിഴ്നാട് വാഴ്വുരിമൈ കക്ഷി എന്നിവരും ചർച്ചയിൽ പങ്കെടുത്ത് പ്രതിപക്ഷ ആവശ്യത്തെ പിന്താങ്ങി.

Read Also : മുല്ലപ്പെരിയാർ മേൽനോട്ടസമിതിക്ക് വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരം നൽകി സുപ്രീംകോടതി വിധി. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും 
 ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു. അതുവരെ ഡാമിൻ്റെ പൂർണ മേൽനോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് സിടി രവികുമാർ, ജസ്റ്റിസ് എ.എസ്.ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. 

 കേന്ദ്രസർക്കാർ 2021-ൽ പാസാക്കിയ ഡാം സേഫ്റ്റി ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. താൽക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നും വീണ്ടും തർക്കം ഉണ്ടാവുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്.