മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നേതൃത്വത്തിൽ തമിഴ്നാട് നിയമസഭ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി. കാവേരി നദിക്ക് കുറുകെ ഡാം നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കം തടയണമെന്നും പദ്ധതിക്ക് അനുമതി നൽകരുതെന്നും പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ചെന്നൈ: മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കാവേരി നദിക്ക് കുറുകെ ഡാം നിർമിക്കാനുള്ള കർണാടകത്തിന്‍റെ നീക്കത്തിന് എതിരെയാണ് പ്രമേയം. പാരിസ്ഥിതിക - സാങ്കേതിക അനുമതി നൽകരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്‌നാടിൻ്റെ ജലാവകാശം സംരക്ഷിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി.പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎമാരും രംഗത്തെത്തി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിൻ്റെയും സുപ്രീം കോടതിയുടെയും വിധികൾ ലംഘിച്ചുകൊണ്ട്, ഏകപക്ഷീയമായാണ് കർണാടക മേക്കേദാട്ടു പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി. 9000 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ ഡാം തമിഴ്‌നാട്ടിലെ കർഷകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാനുള്ള കർണാടകയുടെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

കാവേരി നദീതടം ഇതിനകം തന്നെ ജലക്ഷാമം നേരിടുകയാണെന്നും ലഭ്യമായ വെള്ളം സംസ്ഥാനങ്ങൾക്കിടയിൽ പൂർണമായി വീതം വെച്ചിട്ടുള്ളതാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ നദീതടത്തിൽ പുതിയ പദ്ധതികൾ തുടങ്ങാനോ കൂടുതൽ വെള്ളം ഉപയോഗിക്കാനോ നിയമപരമായി സാധ്യമല്ലെന്നാണ് തമിഴ്‌നാടിൻ്റെ വാദം. കർണാടക തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയ്ക്ക് (ഡിപിആർ) അനുമതി നൽകരുതെന്ന് സെൻട്രൽ വാട്ടർ കമ്മീഷനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രണ്ട് സംസ്ഥാനം, കോണ്‍ഗ്രസിന് രണ്ട് നിലപാട്

ഈ വിഷയം കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ രാഷ്ട്രീയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. കർണാടക ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണെങ്കിലും തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ ടിവികെ നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാരിൻ്റെ പ്രമേയത്തെ പൂർണ്ണമായി പിന്തുണച്ചു. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ജനങ്ങളുടെയും കർഷകരുടെയും ക്ഷേമത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിജയ് ആഹ്വാനം ചെയ്തു.

അതേസമയം ബെംഗളൂരു നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും 400 മെഗാവാട്ട് ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാക്കാനുമാണ് മേക്കേദാട്ടു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കർണാടകയുടെ വാദം. രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരിയും അർക്കാവതി നദിയും സംഗമിക്കുന്നിടത്താണ് ഈ സംഭരണി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതി തമിഴ്‌നാട്ടിലേക്കുള്ള ജലലഭ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കർണാടക അവകാശപ്പെടുന്നു.

കർണാടകയുടെ പദ്ധതി രേഖ കേന്ദ്രം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മേക്കേദാട്ടു പദ്ധതി തടയാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന എല്ലാ നിയമപരവും രാഷ്ട്രീയവുമായ നടപടികൾക്കും തമിഴ്‌നാട് നിയമസഭ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ് യുമായി ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്‍റെ നയപ്രഖ്യാപനം. സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തുമെന്നും ജലനിരപ്പ് ഉയർത്തുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.