ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന രീതിക്ക് എതിരെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ത്രിഭാഷാ പഠനം തമിഴ്നാട്ടിൽ നടപ്പാക്കാനാകില്ലെന്നും ഇക്കാര്യം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും എടപ്പാടി പറഞ്ഞു.

ദ്വിഭാഷാ സംവിധാനവും, ഭാഷ തിരഞ്ഞെടുക്കാൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അവകാശവും നിലനിർത്തണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ പുതിയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്ന് ചൂണ്ടികാട്ടി ദ്രാവിഡ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതിനിടയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ അണ്ണാദുരൈയും എംജിആറും ജയലളിതയും നടത്തിയ പ്രതിഷേധം മറക്കാനാവില്ലെന്ന് ഓർമ്മിപ്പിച്ച പളനിസ്വാമി ത്രിഭാഷാ പഠന സംവിധാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതുമെന്ന് വ്യക്തമാക്കി. ത്രിഭാഷാ പഠനരീതിയെ ചൊല്ലി അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എടപ്പാടി പളനിസാമിയുടെ പ്രതികരണം.