പൊലീസ് തന്നെ നിയമവും ശിക്ഷയും നടപ്പാക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. എന്നിട്ടും കുലുക്കമില്ല, സ്റ്റാലിന്‍ സര്‍ക്കാരിന് കീഴില്‍ തോക്കുകള്‍ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ ആറു പേരെയാണ് തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നത്. സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തമിഴ്‌നാട്ടില്‍ ഇതുവരെ എത്ര ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നു? വിഷ്ണു രാധന്‍ തയാറാക്കിയ എക്‌സ്‌പ്ലൈനര്‍.
2021ല്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ തമിഴനാടിന്റെ മുഖ്യമന്ത്രിയായി. അതിന് ശേഷം ഇന്ന് ഇതുവരെ സ്റ്റാലിന്റെ പൊലീസ് വെടിവെച്ചുകൊന്നത് 13 പേരെയാണ്. എല്ലാം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, എന്‍കൗണ്ടര്‍ എന്ന് വാഴ്ത്തി കയ്യടിച്ച് ഒരുവിഭാഗം. പൊലീസ് തന്നെ നിയമവും ശിക്ഷയും നടപ്പാക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. എന്നിട്ടും കുലുക്കമില്ല, സ്റ്റാലിന്‍ സര്‍ക്കാരിന് കീഴില്‍ തോക്കുകള്‍ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു.
തോക്കിന്‍ മുന്‍പില്‍ പ്രതികളെ നിര്‍ത്തി വെടിവെച്ച് കൊല്ലുന്നത് തമിഴ്‌നാട് പൊലീസിന് പുതുമയുള്ള കാര്യമല്ല. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സജീവമായിരുന്നത് ജയലളിതയുടെ ഭരണകാലത്തായിരുന്നു. അന്ന് പൊലീസിന്റെ വെടിയേറ്റ് വീണവരില്‍ കാട്ടുകള്ളന്‍ വീരപ്പന്‍ അടക്കമുള്ളവരുണ്ട്. ആ റെക്കോര്‍ഡ് തകര്‍ക്കാനാണോ സ്റ്റാലിന്‍ പൊലീസിന്റെ ശ്രമമെന്ന് ചോദിച്ചുപോകും.
കഴിഞ്ഞ ആറുമാസത്തിനിടെ തമിഴ്‌നാട് പൊലീസ് ആറുപേരെയാണ് വെടിവെച്ച് കൊന്നത്. കൊല്ലപ്പെട്ടവര്‍ എല്ലാം കൊടും ക്രിമിനലുകളാണ് എന്നത് പൊതുജനത്തിന്റെ കയ്യടി കിട്ടുന്ന ഒരു പോയിന്റാണ്. എന്നാല്‍ ഇവിടെ ഒരു നിയമം ഉണ്ടെന്നും ഭരണഘടന ഉണ്ടെന്നും മറന്ന് തട്ടിക്കളഞ്ഞേക്ക് നയം പൊലീസിനെ കൊണ്ട് നടപ്പാക്കുന്നത് ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥക്കും ഒട്ടും ഭൂഷണമല്ല. യുപിയിലെ യോഗിക്ക് പഠിക്കുവാണോ സ്റ്റാലിന്‍ എന്നും ചോദിക്കുന്നവരുണ്ട്.
പ്രഭാകരന്‍ എന്ന ഗുണ്ട കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ടുപേരെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നത്. ഒളിസ്ഥലം കണ്ടെത്തി പൊലീസ് എത്തിയപ്പോള്‍ ഗുണ്ടകളായ രഘുവരനും കറുപ്പ് ഹാസനും വടിവാള് കൊണ്ട് പൊലിസിനെ ആക്രമിച്ചെന്നും വേറെ വഴിയില്ലാതെ വെടിവെച്ച് കൊന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇതുവരെ നടന്ന എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഇത്തരമൊരു വാദം പൊലീസിന്റെ സ്‌റ്റൈലാണ്.
2021 ഒക്ടോബര്‍ 11ന് ശ്രീപെരുമ്പത്തൂരില്‍ മാല മോഷണക്കേസ് പ്രതിയായ ജാര്‍ഖണ്ഡ് സ്വദേശി 28കാരന്‍ മുര്‍ത്താസയെ ഏറ്റുമുട്ടലില്‍ വധിച്ചതായിരുന്നു സ്റ്റാലിന്‍ പൊലീസിന്റെ തുടക്കം. 2021 ഒക്ടോബര്‍ 15ന് ഏഴ് കൊലക്കേസുകളില്‍ പ്രതിയായ ദുരൈ മുരുകനെ തൂത്തുക്കുടിയില്‍ വച്ച് പൊലീസ് വെടിവെച്ച് കൊന്നു. 2022 ജനുവരി ഏഴിന് ചെങ്കല്‍പ്പേട്ടില്‍ ഇരട്ടക്കൊലക്കേസ് പ്രതികളായ മൊയ്തീനെയും ദിനേശിനെയും വെടിവെച്ച് കൊന്നു. 2022 മാര്‍ച്ച് 16ന് കൊലക്കേസ് അടക്കം 60 കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ നീരാവി മുരുകനെ ഡിണ്ടിഗലില്‍ വച്ച് പൊലീസ് വധിച്ചു.
2023 ഓഗസ്റ്റ് ഒന്നിന് 70 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രമേശ് ചോട്ടാ വിനോദ് എന്നിവരെ ഗുഡുവാന്‍ഞ്ചേരിയില്‍ വച്ച് വെടിവെച്ച് കൊന്നു. 2023 സെപ്തംബര്‍ 16ന് അഞ്ച് കൊലക്കേസുകളില്‍ പ്രതിയായ വിശ്വനാഥനെ കാഞ്ചീപുരത്ത് വച്ച് വെടിവെച്ച് കൊന്നു. 2023 ഒക്ടോബര്‍ 12ന് അണ്ണാ ഡിഎംകെ നേതാവ് പാര്‍ഥിപന്‍ കൊലക്കേസ് പ്രതികളായ മുത്തുശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരെ ഷോളാവാരത്ത് വച്ച് വധിച്ചു. 2023 നവംബര്‍ 22ന് ഒട്ടേറെ ക്രിമിനല്‍ കേസ് പ്രതിയായ കൊമ്പ് ജഗനെ തിരുവരന്പൂരില്‍ വച്ച് പൊലീസ് വെടിവെച്ച് കൊന്നു. ഇപ്പോഴിതാ, 2023 ഡിസംബര്‍ 27ന് രണ്ട് ഗുണ്ടകളെ കൂടി വധിച്ച് എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു തമിഴ്‌നാട് പൊലീസ്.
ശിക്ഷിക്കപ്പെടണമെന്നും കൊലക്കയര്‍ വരെ ലഭിക്കണമെന്നും പൊതുജനം ആഗ്രഹിച്ച ക്രിമിനലുകളാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത് എന്നത് സത്യമാണ്. ജയിലില്‍ തീറ്റിപ്പോറ്റുന്നതിലും നല്ലത് ഗുണ്ടയ്ക്ക് ഒരു ഉണ്ട എന്ന രീതി തന്നെയാണെന്ന് വാഴ്ത്തി കയ്യടിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ ഈ കൊലകള്‍ക്കൊക്കെ പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നതും പുറത്തുവരണം. ഈ ഗുണ്ടകള്‍ക്ക് പിന്നില്‍ അല്ലെങ്കില്‍ അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ഉന്നതരുടെ കയ്യോ താത്പര്യങ്ങളോ ഉണ്ടോ എന്നതാണ് ചോദ്യം. നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാല്‍ അന്വേഷണം എങ്ങോട്ടൊക്കെ നീളും എന്ന് പറയാനും പറ്റില്ല. ഇതാകാം ഒറ്റവെടിക്ക് എല്ലാ ചോദ്യങ്ങളും അവസാനിപ്പിക്കുന്നതിന് പിന്നിലെ കാരണമെന്ന് വാദിക്കുന്നവരുണ്ട്. രാജ്യത്തെ കോടതികളും മനുഷ്യാവകാശ സംഘടനകളും നിരന്തരം ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരെ രംഗത്തുവരുമ്പോഴും തമിഴ്‌നാട്ടില്‍ അടക്കം വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല.
പ്രധാനമന്ത്രിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ്; മുന്‍പ് നടത്തിയത് മാര്‍പാപ്പ എത്തിയപ്പോള്‍

