118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ വിജയെ ക്ഷണിക്കുമെന്ന് ഗവർണർ . എസ് ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിൽ ആണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധിയുണ്ടായതെന്നും ഇതു പുതിയ സർക്കാർ രൂപീകരണം ആണെന്നും ഗവർണർ.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‍യെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കും. എസ് ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിൽ ആണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധിയുണ്ടായത്. ഇതു പുതിയ സർക്കാർ രൂപീകരണം ആണ്. ബൊമ്മൈ കേസ് തമിഴ്നാട്ടിൽ ബാധകം അല്ല. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, എഐഎഡിഎംകെയുമായുള്ള സഖ്യനീക്കത്തിൽ കനിമൊഴിക്ക് അതൃപ്തി എന്നാണ് റിപ്പോർട്ട്.

പ്രമേയത്തിന്റെ ഉള്ളടക്കം മനസിലായതോടെയാണ് ഇന്നലത്തെ ഡിഎംകെ യോഗത്തിൽ നിന്ന് കനിമൊഴി വിട്ടുനിന്നത്. ഇതോടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർക്കായുള്ള കസേരകൾ വേദിയിൽ നിന്ന് മാറ്റി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരിൽ മുതിർന്ന നേതാവായ ഐ പെരിയസാമിയെ മാത്രമാണ് വേദിയിൽ ഇരുത്തിയത്. സർക്കാർ രൂപീകരണം വൈകുന്ന സാ​ഹചര്യത്തിൽ സ്റ്റാലിന്റെ വീട്ടിലെ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നു. ഗവർണർ ടിവികെയെ ക്ഷണിക്കണമെന്ന് തന്നെയാണ് അഭിപ്രായമെന്ന് ഇടതുനേതാക്കൾ അഭിപ്രായപ്പെട്ടു. എഐഎഡിഎംകെ സഖ്യം ജനം അംഗീകരിക്കില്ലെന്ന് സ്റ്റാലിനോട് പറഞ്ഞതായി നേതാക്കൾ പറയുന്നു. ബിജെപിയുടെ പിൻബലത്തിൽ അല്ലേ എഐഎഡിഎംകെ നീക്കം എന്ന സംശയം ഉയരുമെന്നും സ്റ്റാലിനോട് പറഞ്ഞു. എഐഎഡിഎംകെ സഖ്യത്തിന് ഗുണവും ദോഷവും ഉണ്ടെന്ന് വിസികെ അധ്യക്ഷൻ തിരുമാവളവനും പ്രതികരിച്ചു.

‌എന്നാൽ യുക്തമായ തീരുമാനം എടുക്കാമെന്ന് സ്റ്റാലിൻ മറുപടി നൽകി. സ്ഥിരതയുള്ള സർക്കാർ ആർക്ക് രൂപീകരിക്കാൻ കഴിയും എന്നത് ആലോചിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ പാർട്ടിയിൽ ചർച്ച ചെയ്യാതെ ഒന്നും പറയാനാകില്ലെന്ന് ഇടതുനേതാക്കൾ പ്രതികരിച്ചു. അതേസമയം, വിജയ് തന്നെ മുഖ്യമന്ത്രി ആകുമെന്നാണ് ടിവികെ പ്രതികരണം. വൈകിപ്പിക്കാൻ കഴിഞ്ഞേക്കും, പക്ഷേ തടയാനാകില്ലെന്നും ടിവികെ നേതാവ് അരുൺരാജ് പ്രതികരിച്ചു.

YouTube video player