മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ് തീരുമാനിച്ചു. മാത്യു കുഴൽനാടന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ലീഗ്, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നാല് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയിലുമെത്തിയിട്ടുണ്ട്.

മലപ്പുറം: മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും. മാത്യു കുഴൽനാടന്‍റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമാണ് ലീഗിൽ ഉയരുന്നത്. ലീഗ് നേതാക്കൾ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയിൽ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്‌, ബോർഡ്‌ കോർപറേഷൻ നിയമനങ്ങൾ നിയന്ത്രിക്കാൻ പിഎംഎ സലാമിന്‍റെ നേതൃത്വത്തിൽ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങൾ പാടില്ലെന്നാണ് നിബന്ധന.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.

വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പൊതുജനവികാരം നോക്കി വേണം തീരുമാനമെടുക്കാനെന്നും എംഎല്‍എമാരുടെ അഭിപ്രായത്തിനൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കണമെന്നും ലീഗ് നേതൃത്വം അഭ്യര്‍ത്ഥിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി എം എ സലാം, ഹാരിസ് ബീരാന്‍ എന്നിവരാണ് എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും കൂടുതലൊന്നും ഇപ്പോൾ പറയാനില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.