രാത്രിയില്‍ ട്രിപ്പിളെടുത്ത് പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇരുപതുകളുടെ തുടക്കത്തിലുള്ള മൂന്ന് യുവാക്കളെ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്ന് പൊലീസ് പറയുന്നു
ചെന്നൈ : തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാരിസ് കോർണറിൽ സ്ഥിതി ചെയ്യുന്ന ബർമാ ബസാറിലെ ഒരേ മൊബൈൽ കടയില്‍ ജോലി ചെയ്യുന്ന മൂന്ന് യുവാക്കളെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ തൊണ്ടയാർപേട്ട്, പട്ടേൽ നഗർ, നേതാജി നഗർ എന്നീ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍ നടന്ന റെയ്ഡിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സാഹിർ ഹുസൈൻ (20 വയസ്സ്), നവാസ് (19 വയസ്സ്), നാഗൂർ മീരാൻ (22 വയസ്സ്) എന്നീ മൂന്ന് യുവാക്കളെയാണ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഇവര്‍ മൂന്ന് പേരും ഒരു ബൈക്കില്‍ ട്രിപ്പിള്‍ അടിച്ച് പോകവെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി. ചെന്നൈ റോയപുരത്തുള്ള കൽമണ്ഡപത്തിന് സമീപത്ത് വച്ച് ട്രാഫിക് പൊലീസ് യുവാക്കളോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവരടെ കൈയിലുണ്ടായിരുന്ന ബാഗ് താഴെ വീണു. ബാഗ് പൊലീസ് പരിശോധിച്ചപ്പോള്‍ മൊബൈൽ ഫോണുകളും ടെമ്പർഡ് ഗ്ലാസുകളും കണ്ടെത്തി. അതോടൊപ്പം സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനെ കുറിച്ചുള്ള കുറിപ്പുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് മൂന്ന് പേരെയും കാശിമേട് ഫിഷിംഗ് പോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇന്‍റലിജൻസ് ഡിവിഷൻ പൊലീസ് മണിക്കൂറുകളോളം ഇവരെക്കുറിച്ച് അന്വേഷിക്കുകയും പിന്നീട് റോയപുരം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. ശനിയാഴ്ച രാവിലെ ചെന്നൈ പൊലീസ് ഇവരുടെ വീടുകളിലും പരിശോധന നടത്തി. ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ലേഖനങ്ങൾ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇവരെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൂന്നുപേരിൽ നാഗൂർ മീരന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബാക്കിയുള്ള രണ്ട് പേരെയും ചോദ്യം ചെയ്യുകയാണ്. അന്വേഷണം ആദ്യഘട്ടത്തിലായതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ് എന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി. കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് അതീവ ജാഗ്രതയിലാണ്.
