തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് വേണമെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.  

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍യുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു. വിജയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഔദ്യോഗിക അറിയിപ്പുമായി ലോക്ഭവൻ രംഗത്ത്. വിഷയത്തിൽ ലോക്ഭവൻ ആദ്യമായിട്ടാണ് പ്രതികരിക്കുന്നത്. വിജയ്‍യെ ഇക്കാര്യം ഗവർണർ രാജേന്ദ്ര അർലേക്കർ നേരിട്ടറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എംഎല്‍എമാരുടെ പിന്തുണക്കത്ത് വേണമെന്നാണ് ഗവർണറുടെ നിലപാട്. വിജയ് രണ്ടാമതും ലോക്ഭവനിൽ എത്തിയിട്ടും വഴങ്ങിയില്ല. ഗവർണറുടെ ക്ഷണപ്രകാരമായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച.

തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്കായുള്ള വിജയ്‍യുടെ കാത്തിരിപ്പ് നീളും. ലോക് ഭവനിലെത്തി വിജയ് വീണ്ടും ഗവർണറെ കണ്ടെങ്കിലും 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് വേണമെന്ന നിലപാട് ഗവർണർ ആവർത്തിച്ചു. ഗവർണർ നിലപാട് കടുപ്പിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടിവികെ. തിടുക്ക കൂടിക്കാഴ്ചകള്‍ നടത്തുകയാണ് ടിവികെയുടെ നേതാക്കള്‍. ടിവികെ ജോയിൻ്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽകുമാർ സിപിഎം, സിപിഐ ഓഫീസുകളിലെത്തി നേതാക്കളെ കാണും. 

അതേസമയം, വിജയ് ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലെന്ന് ഇടതുപാർട്ടികളും വിസികെയും പറഞ്ഞു. അതേസമയം വിജയ് സർക്കാർ രൂപീകരിക്കുന്നതിനെ എതിർക്കില്ലെന്നും എന്നാൽ, ഉടൻ മറ്റൊരു തെരഞ്ഞെടുപ്പ് ഡിഎംകെ താത്പര്യപ്പെടുന്നില്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. വിജയ്‍ക്ക് സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ മറ്റ് സാധ്യതകൾ തേടുമെന്ന് ഡിഎംകെ അറിയിച്ചു.

YouTube video player