പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. . കേരളം പിഎംശ്രീ പദ്ധതിയിൽ ചേരാൻ ഒരുങ്ങുമ്പോഴാണ് തമിഴ്നാട് നിലപാട് വ്യക്തമാക്കുന്നത്.
ചെന്നൈ: പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. ദ്വിഭാഷാ നയത്തിൽ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർടിഇ സീറ്റുകളിലെ വിഹിതത്തിൽ കേന്ദ്രം വഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ചെറുത്തുനിൽപ്പ്. കേരളം പിഎംശ്രീ പദ്ധതിയിൽ ചേരാൻ ഒരുങ്ങുമ്പോഴാണ് തമിഴ്നാട് നിലപാട് വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടത് അല്ലെന്ന നിലപാടിൽ തമിഴ്നാടും എം.കെ.സ്റ്റാലിനും ഉറച്ച് നിൽക്കുകയാണ്.
സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിടുകയും ചെയ്യുന്ന പിഎം ശ്രീ പദ്ധതി നല്ലതെന്ന അഭിപ്രായം തമിഴ്നാടിനുമുണ്ട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധനയുമായി പദ്ധതിയെ കൂട്ടിക്കെട്ടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള ഭരണഘടനാവിരുദ്ധമായ കടന്നുകയറ്റവുമെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ മെയിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിലപാട് മാറ്റേണ്ട ഒരു സാഹചര്യവും 5 മാസത്തിനിടെ ഉണ്ടായിട്ടില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൻഇപി അംഗീകരിക്കാതെ കേന്ദ്രവിഹിതം നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ചെന്നൈയിലെത്തി ബ്ലാക്മെയിൽ ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന് എങ്ങനെ മാറിചിന്തിക്കാനാകും. ആർടിഇ നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ഈ മാസം മൂന്നിന് കേന്ദ്രം നൽകിയതു സംസ്ഥാനത്തിന്റെ വിജയമാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
1968ൽ അംഗീകരിക്കപ്പെട്ട ദ്വിഭാഷാ നയം മാറ്റില്ലെന്ന് ഓഗസ്റ്റിൽ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. രണ്ടായിരം അല്ല പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ലെന്നാണ് തമിഴ്നാട് സർക്കാറിന്റെ നിലപാട്. തമിഴ്നാട്ടിലെ 36 കേന്ദ്രീയ വിദ്യാലയ സ്കൂളുകളിൽ മാത്രമാണ് നിലവിൽ പിഎം ശ്രീ പദ്ധതി നടപ്പായിട്ടുള്ളത്. സമഗ്ര ശിക്ഷാ അഭയാനിൽ തമിഴ്നാടിന്റെ വിഹിതം 2151 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്.
എഐഎഡിഎംകെ എൻഡിഎയിൽ തിരിച്ചെത്തുകയും വിജയിയെ ഒപ്പം നിർത്താൻ ബിജെപി തീവ്രമായി ശ്രമിക്കുകയും ചെയ്യുമ്പോൾ, കേന്ദ്രഫണ്ട് ലഭിക്കാത്തതിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചും തമിഴ് വികാരം ഉയർത്തിയും തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള സ്റ്റാലിന്റെ രാഷ്ട്രീയ തീരുമാനം കൂടിയാണ് പിഎംശ്രീയിലും തെളിയുന്നത്.
