ചെന്നൈ: നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത് തമിഴ്‍നാട്ടില്‍ മടങ്ങി എത്തിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി. ഇവരില്‍ പലരുടെയും നമ്പറുകള്‍ സ്വിച്ച് ഓഫായതിനാല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ കടുത്ത ആശങ്കയിലാണ് തമിഴ്‍നാട്. തമിഴ്‍നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും വിവിധ ജില്ലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. 

മാര്‍ച്ച് 18 ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത ആളുകളും ഉണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍.സമ്മേളനത്തിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ തയാറാകണമെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. നിസാമുദ്ദീനില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 515 പേരെയാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതില്‍ കടുത്ത രോഗലക്ഷണമുള്ളവരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയിത്. 

തമിഴ്‍നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 50 പേരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തവരാണ്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ഈറോഡ് സ്വദേശികളാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും.