തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചതിന് പിന്നാലെ സമീപത്തെ വീടുകളിൽ വീണ്ടും വെള്ളിക്കെട്ടൻ പാമ്പുകളെ കണ്ടെത്തി. വീടിനകത്തെ ശുചിമുറിയിൽ നിന്ന് വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. പാമ്പുകൾ കൂട്ടത്തോടെ മുട്ടവിരിഞ്ഞിറങ്ങിയതാകാം എന്ന സംശയത്തിൽ, വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീടിന് സമീപത്തെ വീടുകളിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളാണ് പ്രദേശത്തെ വീടുകളിൽ കയറിയത്. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിനകത്തെ ശുചിമുറിക്കരികിൽ തണുപ്പ് പറ്റി കിടന്ന പാമ്പിന്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആൽജോയുടെയും അനോഷിന്റെയും വീട്ടിൽ കണ്ടെത്തിയ പാമ്പുകളുടെ സമാന വലിപ്പത്തിലും പ്രായത്തിലുമുള്ള പാമ്പാണ് ഈ വീട്ടിലും കയറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോടാലി കടമ്പോട് ഭാഗത്തെ വീടുകളിൽ നിന്ന് 5 പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതിൽ അധികവും വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ടവയായിരുന്നു. ഈ പ്രദേശത്ത് മുട്ടവിരിഞ്ഞ് ഇറങ്ങിയ പാമ്പുകൾ വീടുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും എത്തിയതാകാം എന്നാണ് നാട്ടുകാർ പറയുന്നത്.

ആൽജോയുടെ മരണത്തിന് പിന്നാലെ 5 പാമ്പുകളെയാണ് വീട്ടിൽ നിന്ന് കിട്ടിയത്. അന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും പാമ്പുകളെ കണ്ടെത്താനായിരുന്നില്ല. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകൾ കൂട്ടത്തോടെ മുട്ടവിരിഞ്ഞ് ഇറങ്ങിയതാകാം എന്ന സംശയം വനം വകുപ്പ് ഉദ്യോഗസ്ഥർ ഉയർത്തിയിരുന്നുവെങ്കിലും, പാമ്പുകളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് വീണ്ടും പാമ്പുകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാർക്ക് ബോധവൽക്കരണം നൽകണമെന്നും, വ്യാപക പരിശോധന ആരംഭിക്കണമെന്നുമാണ് ജനപ്രതിനിധികളുടെ ആവശ്യം.
