ഡിഎംകെ 21 കോര്‍പ്പറേഷനുകളില്‍ മുന്നിലാണ്. 77 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഡിഎംകെ മുന്നേറ്റം തുടരുന്നു. 302 മുനിസിപ്പല്‍ വാര്‍ഡുകളിലും, 1149 പഞ്ചായത്ത് വാര്‍ഡുകളിലും ഡിഎംകെയാണ് മുന്നില്‍.
ചെന്നൈ: ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (DMK) തമിഴ്നാട് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ (Tamil Nadu Urban Local Body Election) മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും പുതിയ വിവരം പ്രകാരം ഡിഎംകെ 21 കോര്‍പ്പറേഷനുകളില്‍ മുന്നിലാണ്. 77 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഡിഎംകെ മുന്നേറ്റം തുടരുന്നു. 302 മുനിസിപ്പല്‍ വാര്‍ഡുകളിലും, 1149 പഞ്ചായത്ത് വാര്‍ഡുകളിലും ഡിഎംകെയാണ് മുന്നില്‍.
എഐഎഡിഎംകെ (AIADMK) രണ്ടാം സ്ഥാനത്തുണ്ട്. 9 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും, 90 മുനിസിപ്പല്‍ വാര്‍ഡുകളിലും, 385 പഞ്ചായത്ത് വാര്‍ഡുകളിലും എഡിഎംകെ മുന്നിലാണ്. കോണ്‍ഗ്രസ് 7 മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 77 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളിലും മുന്നിലാണ്. ബിജെപി (BJP) ഒരു കോര്‍പ്പറേഷന്‍ വാര്‍ഡില്‍ മുന്നിലാണ്. പുതുക്കോട്ട മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ വിജയ് ഫാന്‍സ് ആസോസിയേഷന്‍ സ്ഥാനാര്‍ത്ഥി പര്‍വേശ് ജയിച്ചതായി തമിഴ്ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിരുദാനഗര്‍ മുനിസിപ്പാലിറ്റി ഇത് ആദ്യമായി ഡിഎംകെ ജയിച്ചു. ഇവിടുത്തെ 36 വാര്‍ഡുകളില്‍ 28ഉം ഡിഎംകെ കോണ്‍ഗ്രസ് സഖ്യം കരസ്ഥമാക്കി. ചെന്നൈ 136 കോര്‍പ്പറേഷന്‍ വാര്‍ഡില്‍ ഡിഎംകെയുടെ 22 വയസുള്ള സ്ഥാനാര്‍ത്ഥി നിലവരശി ദുരൈരാജന്‍ ജയിച്ചു. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്ക് വിജയിച്ചു.
കോയമ്പത്തൂര്‍, മധുരെ കോര്‍പ്പറേഷനുകളില്‍ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. ചെന്നൈ കോര്‍പ്പറേഷനിലെ 1, 2, 8, 9, 16, 29, 34, 49, 59, 94, 99, 115, 121, 174, 168 വാര്‍ഡുകളില്‍ ഡിഎംകെ വിജയിച്ചു. ഫെബ്രുവരി 19നാണ് തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. 21 കോര്‍പ്പറേഷനുകളിലെ 12,500 വാര്‍ഡുകളിലേക്കും. 138 മുനിസിപ്പാലിറ്റികളിലേക്കും, 489 ടൌണ്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
