ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ചെന്നൈയ്ക്ക് അടുത്ത്  ഇശ്വരീനഗര്‍ ഗ്രാമത്തിന് ഏക ആശ്രയമായിരുന്ന പൊതുകിണറും വരള്‍ച്ചയുടെ വക്കിലാണ്. ഇന്ന് ഗ്രാമവാസികള്‍ക്ക് വെള്ളം ലഭിക്കണമെങ്കില്‍ ഭാഗ്യം കൂടി കനിയണം. മൂന്ന് കുടം വീതം വെള്ളത്തിലാണ് ഗ്രാമത്തിലെ ഓരോ കുടുംബവും ദിവസം തള്ളിനീക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായിരുന്ന ഈ കിണര്‍ ഗ്രാമവാസികള്‍ ഏറ്റെടുത്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. നൂറോളം കുടുംബങ്ങള്‍ കണക്കില്ലാതെ വെള്ളത്തിന് ഓടിയിയെത്തിയിരുന്ന ഇവിടം ഇന്ന് നിയന്ത്രിത മേഖലയാണ്. വെള്ളത്തിന്‍റെ അളവ് കുറഞ്ഞ് തുടങ്ങിയതോടെ കിണറിന് ചുറ്റും വേലിയും പൂട്ടും ഉയര്‍ന്നു. ഗ്രാമമുഖ്യന്‍റെ നറുക്കില്‍ ഭാഗ്യം കനിയുന്നവര്‍ക്ക് കിണറിനരികിലേക്ക് പ്രവേശനം ലഭിക്കും

അമ്പത് കുടുംബങ്ങള്‍ക്ക് വീതം രാവിലെയും വൈകിട്ടുമായി സമയം വീതിച്ച് നല്‍കിയിട്ടുണ്ട്. നറുക്കില്‍ അവസാനം പേര് ലഭിക്കുന്നയാള്‍ക്ക് തെളിനീര് വിദുര സ്വപ്നമാകും.ജലക്ഷാമം രൂക്ഷമായതോടെ ഓരോ കുടുംബവും പരമാവധി മൂന്ന് കുടം വെള്ളമേ ശേഖരിക്കാവൂ എന്നാണ് ഗ്രാമത്തിലവന്‍റെ കര്‍ക്കശ നിര്‍ദേശം.

ബുദ്ധിമുട്ടുകള്‍ ഏറെയെങ്കിലും കുടിനീരിനായി പര്സപരം തര്‍ക്കമില്ലാതെ പോരാടുന്നു ഈശ്വരീ നഗര്‍ ഗ്രാമം. തെല്ലും പ്രശ്നങ്ങളില്ലാതെ മഴ കനിയുമെന്ന പ്രതീക്ഷയിലാണ്. ഇത്തരത്തിലുള്ള കാഴ്ചകള്‍ തന്നെയാണ് തമിഴ്നാട്ടിലെ പലഗ്രാമങ്ങളിലും കാണുന്നത്.

വീഡിയോ കാണാം: