Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ തീരുമാനം മാനിക്കുന്നു'; ഉത്തരവ് മരവിപ്പിച്ചതില്‍ ഇടപെടാനില്ലെന്ന് തമിഴ്‍നാട്

കേരളത്തിന്‍റെ തീരുമാനം തമിഴ്നാട് മാനിക്കുന്നതായും മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‍നത്തിനില്ല. വൈകാരിക വിഷയത്തില്‍ പ്രശ്‍നങ്ങള്‍ സൃഷ്ടിക്കാനില്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു. 

Tamil Nadu will not intervene on kerala decision to  freez tree feeling
Author
Chennai, First Published Nov 8, 2021, 11:14 AM IST

ചെന്നൈ: മുല്ലപ്പെരിയാര്‍ (mullaperiyar dam) മരംമുറി ഉത്തരവ് സ്റ്റേ ചെയ്തതില്‍ ഇടപെടാനില്ലെന്ന് തമിഴ്നാട് (Tamil Nadu). കേരളത്തിന്‍റെ തീരുമാനം മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ജലവിഭവമന്ത്രി ദുരൈമുരുകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദം കത്തുമ്പോഴും കേരളത്തിന് എതിരെ നിയമനമടപടിക്ക് ഇല്ലെന്ന നിലപാടിലാണ് തമിഴ്നാട്. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്റ്റാലിനുമായി ജലവിഭവ മന്ത്രി ദുരൈമുരുകന്‍ കൂടിക്കാഴ്ച നടത്തി. തമിഴ്നാട് ഉദ്യോഗസ്ഥരോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയ സ്റ്റാലിന്‍ കേരളത്തിന്‍റെ താല്‍പ്പര്യം മാനിച്ച് മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചു. 

ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനുള്ള വനംവകുപ്പ് അനുമതിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായിക്ക് നന്ദി അറിയിച്ച് സ്റ്റാലിന്‍ കത്തയച്ചിരുന്നു. ബേബി ഡാം അറ്റകുറ്റപണികള്‍ ചെയ്ത് ശക്തിപ്പെടുത്തിയാല്‍ മതിയെന്നും പുതിയ അണക്കെട്ട് വേണ്ടെന്നുമാണ് തമിഴ്നാടിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ വൈകാരികമായ വിഷയമായതിനാല്‍ നിലവില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ തമിഴ്നാടിന്‍റെ തീരുമാനം. എന്നാല്‍ തമിഴ്നാട്ടിലെ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും 142 അടി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് തേനി അടക്കം അഞ്ച് ജില്ലകളില്‍ അണ്ണാഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധം നാളെ തുടങ്ങും.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങുകയാണ് സർക്കാർ. വനം - ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാനസർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് ഞായറാഴ്ച കേരളം മരവിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios