Asianet News MalayalamAsianet News Malayalam

Mullapperiyar | വിവാദ മരംമുറി ഉത്തരവിന് പിന്നിലാര്? സെക്രട്ടറിമാരിൽ നിന്ന് വിശദീകരണം തേടും

സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചതിൽ തമിഴ്നാടിന്‍റെ പ്രതികരണം എന്താകുമെന്നും ഇന്നറിയാം.

Mullapperiyar Tree Cutting Controversy Government To Seek Explanation From Two Sectrateries
Author
Thiruvananthapuram, First Published Nov 8, 2021, 8:37 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാൻ സർക്കാർ. വനം - ജലവിഭവസെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാനസർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് ഞായറാഴ്ച കേരളം മരവിപ്പിച്ചിരുന്നു. 

അതേസമയം, മരം മുറിക്കാൻ വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. 

ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയ വിശദീകരണം. ടി കെ ജോസാണ് മുല്ലപ്പെരിയാറിന്‍റെ നിരീക്ഷണസമിതിയിൽ കേരളത്തിന്‍റെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താല്‍ വിവാദം ആകാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നിയമസഭയില്‍ വിഷയം അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവരുകയും ചെയ്യുമെന്നുറപ്പാണ്. 

ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. തേനി അടക്കം തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നാളെ അണ്ണാ ഡിഎംകെ പ്രതിഷേധ ധർണ്ണ നടത്തും. സമര രീതി ചർച്ച ചെയ്യാൻ ചെന്നൈയിൽ ഇന്ന് അണ്ണാഡിഎംകെ യോഗം ചേരും. കാർഷിക മേഖലകളിലാണ് പാർട്ടി പ്രതിഷേധം കടുപ്പിക്കുക. 

അതേസമയം ബേബി ഡാം ശക്തിപ്പെടുത്താനുള്ള ഉത്തരവ് കേരളം മരവിപ്പിച്ചിതിൽ തമിഴ്നാട് ഇന്ന് നിലപാട് വ്യക്തമാക്കും. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് തമിഴ്നാട് സർക്കാർ.

അടിമുടി ദുരൂഹത ബാക്കിനിൽക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി മരം മുറി ഉത്തരവ് മരവിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിൻറെ ആവശ്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്നാടിന്‍റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് തിരുത്ത്. മുഖ്യമന്ത്രി തന്നെയാണ് വനംമന്ത്രിയോട് ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശിച്ചത്.

പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസ് വെള്ളിയാഴ്ചയാണ് മരംമുറിക്ക് അനുമതി നൽകുന്നത്. പൊള്ളുന്ന വിഷയത്തിൽ ഉദ്യോഗസ്ഥൻ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് ഒന്നാം ചോദ്യം. ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് നവംബർ ഒന്നിന് വിളിച്ച യോഗതീരുമാനപ്രകാരമാണ് തീരുമാനമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്‍റെ പകർപ്പും ടി കെ ജോസിന് വെച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജോസ് എന്ത് കൊണ്ട് ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും അറിയിച്ചില്ല എന്നുള്ളത് രണ്ടാമത്തെ ചോദ്യം.  തമിഴ്നാട് മുഖ്യമന്ത്രി അറിഞ്ഞിട്ടും കേരള മുഖ്യമന്ത്രിയും വനം ജലവിഭവ മന്ത്രിമാരും ഇതറിയാതെ പോയത് എന്ത് കൊണ്ട് എന്നുള്ളത് മൂന്നാം ചോദ്യം. 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായി വിജയന് നന്ദി അറിയിച്ച് കത്ത് നൽകിയതോടെ മാത്രം കേരള മുഖ്യമന്ത്രി അറിയുന്ന നിലയിലേക്ക് എങ്ങിനെ കാര്യങ്ങൾ എത്തി എന്നുള്ളതാണ് ഏറ്റവും വലിയ ദുരൂഹത. സെക്രട്ടറിമാരെ ഒഴിവാക്കി നടപടി ബെന്നിച്ചനിൽ മാത്രം ഒതുങ്ങുന്നതിലും സർക്കാർ വിശദീകരണമില്ല.

തമിഴ്നാടുമായി അടുത്ത മാസം നടത്താനിരിക്കുന്ന മുഖ്യമന്ത്രി തല ചർച്ചക്ക് മുമ്പ് സൗഹാർദ്ദ അന്തരീക്ഷം ഉണ്ടാക്കാനുള്ള നീക്കമാണ് പിന്നിലെന്ന സൂചനയുണ്ട്. ഉന്നതതലത്തിലെ തീരുമാനമാണ് പിന്നിലെങ്കിലും വിവാദമായപ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടുന്നു എന്ന വാദമാണ് ശക്തമാകുന്നത്.

Follow Us:
Download App:
  • android
  • ios