ചിഹ്നം ഉപേക്ഷിക്കാനുള്ള കാരണത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ തീരുമാനം തന്റെ ജോലിയോടുള്ള അപമാനമായി തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള രേഖകളിൽ രൂപയെ പ്രതിനിധീകരിക്കുന്ന സർക്കാർ ചിഹ്നത്തിന് പകരം തമിഴ് അക്ഷരം "റു" ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി ചിഹ്നം രൂപകൽപ്പന ചെയ്ത കലാകാരൻ രം​ഗത്ത്. 2009-ൽ ഒരു മത്സരത്തിന്റെ ഭാഗമായാണ് ഡിസൈനറായ ഉദയകുമാർ രൂപ ചിഹ്നം നിർമിച്ചത്. തന്റെ സൃഷ്ടിയിൽ അഭിമാനമുണ്ടെന്ന് ഉദയകുമാർ പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം തന്നെ ബാധിച്ചിട്ടില്ലെന്നും ഒരു ഡിസൈനർ തന്റെ ജോലിയിൽ അത്തരം വെല്ലുവിളികൾ നേരിടാൻ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിഹ്നം ഉപേക്ഷിക്കാനുള്ള കാരണത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ തീരുമാനം തന്റെ ജോലിയോടുള്ള അപമാനമായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഡിസൈനുകളും വിജയകരമോ വിലമതിക്കപ്പെടുന്നതോ അല്ല. വിമർശനങ്ങളും നേരിടേണ്ടി വന്നേക്കാം. ഒരു ഡിസൈനർ എന്ന നിലയിൽ, പലതും പോസിറ്റീവായി എടുക്കുകയും അവയിൽ നിന്ന് പഠിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്നു. ചിഹ്നം നീക്കം ചെയ്യാനുള്ള തീരുമാനം എന്റെ ജോലിയോടുള്ള അനാദരവോ അവഗണനയോ ആയി ഞാൻ കാണുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ബിജെപി തലവനായ കെ അണ്ണാമലൈ ഉദയകുമാറിനായി രം​ഗത്തെത്തി. രൂപ ചിഹ്നം തമിഴനാണ് രൂപകൽപ്പന ചെയ്തതെന്ന് തിരിച്ചറിയാത്ത വിഡ്ഢികളാണ് ഡിഎംകെയെന്ന് അണ്ണാമലൈ പരിഹസിച്ചു. മുൻ എംഎൽഎയുടെ മകനായിരുന്നു ഉദയകുമാർ. അതേസമയം, രൂപ ചിഹ്നത്തിന് എതിരല്ലെന്നും തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎംകെ വിശദീകരിച്ചു.

ഉയകകുമാറിന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്ററിൽ നിന്ന് പിഎച്ച്ഡിയും ഉണ്ട്. 2009 ൽ, രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനുള്ള ദേശീയ മത്സരത്തിൽ അദ്ദേഹം വിജയിയായി. 2010 ൽ മൻമോഹൻ സിംഗ് ഭരണകാലത്താണ് അദ്ദേഹം രൂപകൽപ്പന ചെയ്ത ചിഹ്നം ദേശീയതലത്തിൽ അംഗീകരിച്ചത്. പ്രാദേശിക അഭിമാനത്തിന്റെ മറവിൽ വിഘടനവാദ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതോടെ കേന്ദ്രസർക്കാരും തീരുമാനത്തെ വിമർശിച്ചു.