നടപടി അംഗീകരിക്കുന്നുവെന്നും എന്നാൽ തന്നെ സ്നേഹിക്കുന്നവരുമായി ആശയവിനിമയം നടത്തുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും സസ്‌പെൻഷൻ കിട്ടിയാലും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗായത്രി ട്വീറ്റ് ചെയ്തു.
ചെന്നൈ: തമിഴ്നാട് ബിജെപിയിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ നേതാക്കൾക്കെതിരെ നടപടി. പാർട്ടി ഭാരവാഹിയും നടിയുമായ ഗായത്രി രഘുറാമിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഒബിസി വിഭാഗം നേതാവ് സൂര്യ ശിവക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിക്കുകയും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ പ്രവർത്തിക്കുകയും ചെയ്തതിന് ഗായത്രി രഘുറാമിനെ പാർട്ടി പോസ്റ്റിംഗിൽ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പ്രസ്താവനയിൽ പറഞ്ഞു. ഈ കാലയളവിൽ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും പാർട്ടിയുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളായ സൂര്യ ശിവയും ഡെയ്‌സി ശരണും തമ്മിലുള്ള വിവാദ ടെലിഫോൺ സംഭാഷണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് നടപടി. ഇതര സംസ്ഥാനങ്ങളിലെയും വിദേശത്തെയും തമിഴ് വികസന ഘടകത്തിന്റെ പ്രസിഡന്റായിരുന്നു ഗായത്രി.
പുറത്താക്കിയതിനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷമായ പ്രതികരണവുമായി ഗായത്രി രംഗത്തെത്തി. നടപടി അംഗീകരിക്കുന്നുവെന്നും എന്നാൽ തന്നെ സ്നേഹിക്കുന്നവരുമായി ആശയവിനിമയം നടത്തുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും സസ്‌പെൻഷൻ കിട്ടിയാലും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗായത്രി ട്വീറ്റ് ചെയ്തു. നേരത്തെയും തമിഴ്നാട് ബിജെപിയിൽ ഗായത്രി രഘുറാം വിവാദമുണ്ടാക്കിയിരുന്നു. മുൻ സംസ്ഥാന പ്രസിഡൻറ് തമിഴിസൈ സൗന്ദരരാജനുമായി ഏറ്റുമുട്ടി. തുടർന്ന് സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തു. തുടർന്ന് 2018 നവംബറിൽ കലാ-സാംസ്കാരിക വിഭാഗം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. 2020ൽ വീണ്ടും കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.
തെരഞ്ഞെടുപ്പ് അടുത്തു: ഗുജറാത്തില്‍ 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി
എന്നാൽ, മേയിൽ പാർട്ടി പുനഃസംഘടനയിൽ തഴയപ്പെട്ടു. രണ്ട് ദിവസം മുമ്പ് കാശി-തമിഴ് സംഗമം പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും ഗായത്രി രംഗത്തെത്തിയിരുന്നു. പ്രോഗ്രാമിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഒരാളായിരുന്നെങ്കിലും അവരെ സംസ്ഥാന നേതൃത്വം തഴഞ്ഞു. ഒബിസി വിഭാഗം നേതാവ് സൂര്യ ശിവയും ദലിത് വിഭാഗം നേതാവ് ഡെയ്സി ശരണും തമ്മിൽ ഫോണിലൂടെയുള്ള ചൂടേറിയ വാഗ്വാദം തമിഴ്നാട്ടിൽ വൻ ചർച്ചയായിരുന്നു.
