തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് ഭരണ നടപടികൾ ആരംഭിച്ചു. ആദ്യ ഉത്തരവിലൂടെ ഡോ. പി. സെന്തിൽകുമാർ, ജി. ലക്ഷ്മി പ്രിയ എന്നിവരെ മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്.

ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ ഭരണത്തിന് തുടക്കം കുറിച്ച് വിജയ്. ഉദ്യോ​ഗസ്ഥരെ മാറ്റിത്തുടങ്ങിയാണ് ആദ്യ നടപടി. പുതിയതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി രണ്ട് ഐഎസുകാരെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി രണ്ട് പേരെ കുറഞ്ഞത് ഒരു വർഷത്തേക്ക് നിയമിച്ചു. ഡോ. പി. സെന്തിൽകുമാർ ഐഎഎസ്, ജി. ലക്ഷ്മി പ്രിയ, ഐഎഎസ് എന്നിവരെയാണ് നിയമിച്ചത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു സെന്തിൽ കുമാർ. ആദി ദ്രാവിഡർ-പഴങ്കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നു ലക്ഷ്മി പ്രിയയെ ഗവർണറുടെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി എം. സായ്കുമാർ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.