Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ച പ്രതിരോധ പ്രവർത്തകരുടെ കുടുംബത്തിന് അരക്കോടി സഹായധനം

സംസ്ഥാനത്ത് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനായി നടൻ വിജയ് 1.30 കോടി രൂപ നൽകി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും വിജയ് നൽകിയിട്ടുണ്ട്

Tamilnadu Covid death state government announces 50 lakh compensation
Author
Chennai, First Published Apr 22, 2020, 2:58 PM IST

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർ, നഴ്സ്, പൊലീസുകാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ധനസഹായം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനായി നടൻ വിജയ് 1.30 കോടി രൂപ നൽകി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും വിജയ് നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് ഫാൻസ് അസോസിയേഷൻ പ്രവർത്തകരോട് വിജയ് ആവശ്യപ്പെട്ടു.   

ചെന്നൈ നഗരത്തിൽ കൂടുതൽ മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 10 മാധ്യമ പ്രവർത്തകർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ ഒരു തമിഴ് ചാനലിലെ മാധ്യമപ്രവർത്തകരാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി. 

ചാനൽ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടർന്ന് ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനൽ ഇന്ന് തത്സമയ സംപ്രേക്ഷണം നിർത്തിയിരുന്നു. നേരത്തെ തന്നെ അമ്പതോളം മാധ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ മാധ്യമപ്രവർത്തകർ നിരീക്ഷണപട്ടികയിൽ വരും.  

മറ്റൊരു ചാനലിലെ സബ് എഡിറ്റര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡര്‍മാരടക്കം ഇരുപത്തിമൂന്ന് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപ്ത്രത്തിലെ ലേഖകന്‍ ആരോഗ്യസെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങി. 

ചെന്നൈയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മാധ്യമപ്രവർത്തകർക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊവിഡ് ബാധിത മേഖലയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം കേന്ദ്രം പുറപ്പെടുവിച്ചു. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. 

തമിഴ്നാട്ടിൽ ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. കോയമ്പത്തൂരില്‍ 134പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്. ചെന്നൈയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1596 ആയി. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Follow Us:
Download App:
  • android
  • ios