കോയമ്പത്തൂര്‍: കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിന് പിന്നാലെ ഡോക്ടര്‍ ഡെങ്കിപ്പനി മൂലം മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ജയമോഹന്‍ (30) എന്ന ഡോക്ടറാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. തമിഴ്‌നാട്ടിലെ സിരുമുഗെയ് സ്വദേശിയായ ജയമോഹന്‍ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സേവനം ചെയ്തുകൊണ്ടിരുന്നത്.

രണ്ട് ദിവസം മുമ്പ് ജയമോഹനെ കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജയമോഹന്റെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു. ഫലം വന്നപ്പോള്‍ ജയമോഹന് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ മറ്റ് പരിശോധനകള്‍ നടത്തിയപ്പോഴാണ് ജയമോഹന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍, മരുന്നുകളോട് പ്രതിരോധിക്കാതെ ജയമോഹന്റെ ആരോഗ്യനില മോശമാവുകയും മരണപ്പെടുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 38 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

രാമനാഥപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തില്‍ പങ്കെടുത്തവരില്‍ മൂന്ന് പേര്‍ രോഗബാധിതരായി.പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും രോഗബാധിതര്‍ കുറയുന്നത് തമിഴകത്ത് ആശ്വാസമാവുകയാണ്. 2739 സാമ്പിള്‍ പരിശോധിച്ചതിലാണ് 38 പേര്‍ രോഗബാധിതര്‍. ഇതുവരെ 117 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ കോയമ്പത്തൂരില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലയാളി ഡോക്ടര്‍മാരടക്കം നിരീക്ഷണത്തിലാണ്.