പൊങ്കൽ ആഘോഷിച്ച് തമിഴ്നാട്; ടാസ്മാക് വഴി വിറ്റഴിച്ചത് കോടികളുടെ മദ്യം, റെക്കോർഡ്
പൊങ്കൽ ആഘോഷവേളയിൽ നിരവധി പേർ അവധിക്ക് സ്വന്തം നാട്ടിലേക്ക് പോയതിനാൽ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മദ്യവിൽപ്പന കുറഞ്ഞതായി മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥൻ പറഞ്ഞു

ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപ്പന. തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ജനുവരി 1 മുതൽ 16 വരെ, ടാസ്മാകിലൂടെ 2,462.97 കോടി രൂപയുടെ മദ്യം വിറ്റു. 2024 ലെ ഇതേ കാലയളവിൽ 2,300.23 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 162.74 കോടി രൂപയുടെ (7.07%) വർധനയാണ് ഈ വർഷമുണ്ടായത്.
പൊങ്കൽ ആഘോഷവേളയിൽ നിരവധി പേർ അവധിക്ക് സ്വന്തം നാട്ടിലേക്ക് പോയതിനാൽ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മദ്യവിൽപ്പന കുറഞ്ഞതായി മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥൻ പറഞ്ഞു. കന്യാകുമാരി, നാഗപട്ടണം, തിരുവാരൂർ, രാമനാഥപുരം എന്നിവയുൾപ്പെടെ 12 ജില്ലകളിലും വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പേരമ്പാലൂരിലാണ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത്. ബിയർ വിൽപ്പനയിലും പേരമ്പാലൂർ ഒന്നാം സ്ഥാനത്താണ്. ജില്ലയിൽ കഴിഞ്ഞ വർഷം 22,435 കെയ്‌സുകൾ വിറ്റഴിച്ചപ്പോൾ 27,047 കെയ്‌സുകൾ വിറ്റു.
പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചില്ലറ വിൽപ്പനശാലകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബില്ലിംഗ് സംവിധാനം കോർപ്പറേഷനെ സഹായിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള ജില്ലകളിലും ക്യുആർ കോഡ് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.