നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച  വാഹനം അമ്പതോളം അടി താഴ്ചയിലേക്ക് മലക്കം മറിഞ്ഞ് പതിക്കുകയായിരുന്നു.

പൂനെ: നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ച് കയറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പൂനെ സാസ്വദ് റോഡിലെ ഡൈവ് ഘാട്ട് മേഖലയിലാണ് അപകടമുണ്ടായത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച വാഹനം അമ്പതോളം അടി താഴ്ചയിലേക്ക് മലക്കം മറിഞ്ഞ് പതിക്കുകയായിരുന്നു.

ഹഡാപ്സറിലെ കമ്പനിയിലേക്ക് മദ്യവുമായി വന്ന ടാങ്കര്‍ ലോറിക്കാണ് നിയന്ത്രണം നഷ്ടമായത്. കുന്നിന്‍ ചെരുവില്‍ വച്ച് ടാങ്കര്‍ ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് യാത്രികരായ രണ്ട് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് വിശദമാക്കിയിട്ടുണ്ട്.

Scroll to load tweet…

തലകീഴായി മറിഞ്ഞ ടാങ്കര്‍ ടാങ്കറിലുണ്ടായിരുന്ന ഡ്രൈവറേയും രണ്ട് സഹായികളേയും അഗ്നി രക്ഷാ സംഘമെത്തിയാണ് ക്യാബിന് പുറത്ത് എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ടാങ്കറിലുണ്ടായിരുന്ന വ്യാവസായിക മദ്യത്തിന് തീ പിടിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ സാസ്വദ് റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.