ഞാന്‍ എആര്‍ റഹ്മാന്‍റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന്  വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു

ദില്ലി: ബുര്‍ഖയിട്ട ചിത്രം പങ്കുവെച്ച എആര്‍ റഹ്മാന്‍റെ മകളെ കളിയാക്കി എഴുത്തുകാരി തസ്ലിമ നസ്റിന്‍. ട്വീറ്റിലൂടെയാണ് തസ്ലിമ എആര്‍ റഹ്മാന്‍റെ മകള്‍ ഖദീജ റഹ്മാന്‍ ബുര്‍ഖ ധരിച്ചതിനെ വിമര്‍ശിച്ചത്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന് വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്ന് തസ്ലിമ നസ്റിന്‍ അഭിപ്രായപ്പെട്ടു. ഞാന്‍ എആര്‍ റഹ്മാന്‍റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന് വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു- തസ്ലിമ കുറിച്ചു. ഖദീജയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. 

View post on Instagram

തസ്ലിമയുടെ ട്വീറ്റിന് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടിയുമായി ഖദീജയും രംഗത്തെത്തി. കാര്‍സന്‍ കോല്‍ഹോഫിന്‍റെ കവിത ഉദ്ധരിച്ചായിരുന്നു ഖദീജയുടെ മറുപടി. എന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്ന് ഖദീജ മറുപടി നല്‍കി. 

ഒരുവര്‍ഷത്തിന് ശേഷം വിവാദം വീണ്ടുമെത്തി. രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു. എന്നാല്‍, ചിലര്‍ക്ക് സ്ത്രീകള്‍ എന്ത് ധരിക്കുന്നുവെന്നതാണ് പ്രശ്നമെന്നും ഖദീജ വ്യക്തമാക്കി. ഫെമിനിസത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് അറിയാന്‍ ഗൂഗിളില്‍ നോക്കിയാല്‍ മതി. എന്‍റെ വഴി ഞാന്‍ തെരഞ്ഞെടുത്തതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നെ അംഗീകരിക്കുന്നവരോടും ഞാനാരാണെന്ന് മനസ്സിലാക്കിയവരോടും എനിക്ക് നന്ദിയുണ്ടെന്നും ഖദീജ വ്യക്തമാക്കി. ആളുന്ന തീയും നീലാകാശവുമാണ് എഴുത്തിനൊപ്പം ഖദീജ പങ്കുവെച്ചത്. എആര്‍ റഹ്മാനോടൊപ്പം ഒരു ചടങ്ങില്‍ ഖദീജ ബുര്‍ഖ ധരിച്ചെത്തിയത് നേരത്തെയും വിവാദമായിരുന്നു. എന്ത് ധരിക്കണമെന്നത് മകളുടെ ഇഷ്ടമാണെന്നായിരുന്നു വിവാദത്തില്‍ എ ആര്‍ റഹ്മാന്‍റെ മറുപടി. 

View post on Instagram