ആധാർ വെരിഫൈ ചെയ്ത ഐആർസിടിസി ഐഡികളും ഒടിപികളും വിൽക്കുന്ന റാക്കറ്റ് സജീവമാണ്. ഏജന്‍റുമാരും ടെക് വിദഗ്ധരുമെല്ലാം ഈ തട്ടിപ്പിൽ പങ്കാളികളാണ്
ഐആർസിടിസി അക്കൗണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നുള്ളൂ. ആധാർ കാർഡ് നിർബന്ധമാക്കിയിട്ടും തത്കാൽ ടിക്കറ്റ് തട്ടിപ്പ് തുടരുകയാണ്. ആധാർ വെരിഫൈ ചെയ്ത ഐആർസിടിസി ഐഡികളും ഒടിപികളും വിൽക്കുന്ന റാക്കറ്റ് സജീവമാണെന്ന് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഏജന്‍റുമാർ മാത്രമല്ല ടെക് വിദഗ്ധരും വ്യാജ സേവന ദാതാക്കളുമെല്ലാം ഉൾപ്പെടുന്നതാണ് ഇ-ടിക്കറ്റിംഗ് റാക്കറ്റ്. ടെലിഗ്രാം, വാട്സ്‍ആപ്പ് അക്കൗണ്ടുകൾ വഴിയാണ് ഇവർ പ്രവർത്തിക്കുന്നത്. യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാൻ അഡ്മിൻമാർ അന്താരാഷ്ട്ര ഫോൺ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ആധാർ ബന്ധിപ്പിച്ച ഐആർസിടിസി യൂസർ ഐഡികൾ ഓരോന്നും വിൽക്കുന്നതാണ് നിലവിലെ രീതി. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വേഗത്തിൽ നടക്കാൻ ഏജന്‍റുമാർ ബോട്ടുകളോ ഓട്ടോമേറ്റഡ് ബ്രൗസർ എക്സ്റ്റൻഷനുകളോ ഉപയോഗിക്കുന്നു.
തത്കാൽ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ തന്നെ ചില ബോട്ടുകളും മറ്റും ഉപയോഗിച്ച് ഏജന്റുമാർ കൈവശപ്പെടുത്തുന്നു എന്ന പരാതിയാണ് ഇതിന് മുൻപ് ഉണ്ടായിരുന്നത്. ഇതോടെ സാധാരണ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. അതേസമയം മറുഭാഗത്ത് ടിക്കറ്റ് കരിഞ്ചന്ത നടക്കുകയും ചെയ്യുന്നു. ചില ടെലഗ്രാം ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ മൂന്നു മാസത്തിലേറെയായി സൂക്ഷ്മമായി നിരീക്ഷിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തു. ബോട്ടുകൾ ഐആർസിടിസി ലോഗിൻ വിവരങ്ങൾ, ട്രെയിൻ വിവരങ്ങൾ, യാത്രക്കാരുടെ വിവരങ്ങൾ, പേയ്‌മെന്റ് ഡാറ്റ എന്നിവ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കുന്നു. ഈ മുഴുവൻ പ്രക്രിയയും ഓട്ടോമേറ്റഡ് ആയതിനാൽ ഒരു മിനിറ്റിനുള്ളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നു.
ചില ബോട്ടുകൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ മാത്രമല്ല, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. തത്കാൽ ബുക്കിംഗിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ മൊത്തം ലോഗിനിലെ 50 ശതമാനം വരെ ബോട്ട് ആണെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ റെയിൽവേ മന്ത്രാലയം തന്നെ സമ്മതിച്ചിട്ടുണ്ട്.


