ചെന്നൈ: കൊവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോമെമ്പാടുമുള്ള ജനത. ‍ഈ ദുരിത കാലത്ത് സല്‍പ്രവൃത്തി കൊണ്ട് മാതൃകയാവുകയാണ് തമിഴ്‌നാട്ടുകാരനായ തമിഴരസന്‍. മധുര അളങ്കാനെല്ലൂര്‍ സ്വദേശിയായ തമിഴരസന്‍ ചായവില്‍പനക്കാരനാണ്.

ചായ വിറ്റ് കിട്ടുന്നതിൽ ഒരു ഭാ​ഗമാണ് പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ തമിഴരസന്‍ ഉപയോ​ഗിക്കുന്നത്. അളങ്കാനെല്ലൂരിനു സമീപത്തെ ഗ്രാമങ്ങളായ മേട്ടുപ്പട്ടിയിലും പുതുപ്പട്ടിയിലുമാണ് ഇദ്ദേഹം ചായ വില്‍ക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ചായ വിൽപ്പന നടത്തുമെന്നും ഇതില്‍നിന്ന് ന്യായമായ വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്നും തമിഴരസന്‍ പറയുന്നു.

വഴിയോരങ്ങളിൽ കിടക്കുന്ന പാവപ്പെട്ടവർക്കും തമിഴരസന്‍ സൗജന്യമായി ചായ നല്‍കും. വരുമാനത്തില്‍ ഒരു ഭാഗം ഇത്തരം ആളുകള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനായി മാറ്റിവെക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തമായി ഒരു കട തുടങ്ങണമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കണം എന്നുമാണ് തന്റെ ആ​ഗ്രഹമെന്ന് തമിഴരസന്‍ പറയുന്നു.