അഹമ്മദാബാദ്: എട്ടാം ക്ലാസുകാരനുമായി അധ്യാപിക ഒളിച്ചോടിയതായി പരാതി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം. ഇരുപത്തി ആറുകാരിയായ അധ്യാപിക മകനെ കടത്തി കൊണ്ടുപോയതായി ചൂണ്ടിക്കാട്ടി ഉദ്യോഗ ഭവൻ ഉദ്യോ​ഗസ്ഥൻ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതലാണ് മകനെ കാണാതായതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. മകനൊപ്പം ക്ലാസ് ടീച്ചറെയും കാണാതായിട്ടുണ്ടെന്നും അധ്യാപിക കുട്ടിയെ വശീകരിക്കുകയായിരുന്നുവെന്നും പിതാവ് പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം, കഴിഞ്ഞ ഒരു വർഷമായി അധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ ഇരുവരേയും താക്കീത് ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ഇരുവരുടെയും ബന്ധം ആരും അം​ഗീകരിക്കില്ലെന്ന് മനസിലായതോടെയാണ് വെള്ളിയാഴ്ച അവർ വീട് വിടാൻ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥർ  പറഞ്ഞു.

'വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മകനെ കാണുന്നില്ലെന്ന വിവരം അറിയുന്നത്. വൈകിട്ട് നാല് മണിക്ക് മകൻ വീട്ടിൽ നിന്നിറങ്ങിയതായി ഭാര്യ പറഞ്ഞു. തുടർന്ന് ബന്ധുക്കളുടെയും അയൽക്കാരുടെയും വീടുകളിൽ അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീട് ടീച്ചറുടെ വീട്ടില്‍ പോയപ്പോള്‍ അവരെയും കാണാനില്ലായിരുന്നു' പിതാവിന്റെ പരാതയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.