ലാഹോർ: പാഠം പഠിക്കാൻ മറന്ന വിദ്യാർത്ഥിയെ പുല്ല് തീറ്റിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകനെതിരെ കേസ്. പാകിസ്ഥാനിലെ പഞ്ചാബിലുള്ള ലോധ്റിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനായ ഹമീദ് റാസയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വയസുകാരനായ വിദ്യാർത്ഥിയെ പുല്ല് കഴിപ്പിക്കാൻ ശ്രമിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

കുട്ടിയോട് ഒന്നുകിൽ പുല്ല് കഴിക്കാനും അല്ലെങ്കിൽ കുട്ടികൾക്ക് മുന്നിൽ പാഠം അവതരിപ്പിക്കാനും ഹമീദ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് ഓഫീസർ മാലിക് ജമീൽ സഫർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരനായ അധ്യാപകന് തക്ക ശിക്ഷ തന്നെ നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് മേധാവിയും അറിയിച്ചു.
 
സ്കൂളിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി നോക്കുന്ന ഹമീദ് കുട്ടിയുടെ ബന്ധു കൂടിയാണ്. അതേസമയം തമാശയ്ക്കാണ് ഹമീദ് ഇങ്ങനെ ചെയ്തതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ക്ഷമ നൽകിയെന്നുമാണ് കുട്ടിയുടെ പിതാവ് മുഹമ്മദ് അസ്ഗർ പറഞ്ഞത്.