ബംഗളൂരുവിലെ ഒരു കോളേജിൽ കന്നഡ സംസാരിച്ചതിന് അധ്യാപകന് ജോലി നഷ്ടപ്പെട്ടുവെന്നാരോപിച്ച് വീഡിയോ പുറത്ത്. വിവാദമായതോടെ കോളേജ് അധികൃതർ പ്രശ്നം പരിഹരിച്ചു.
ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവിൽ വീണ്ടും ഭാഷാ വിവാദം. ക്ലാസ് റൂമിൽ കന്നഡ സംസാരിച്ചതിന് നിർബന്ധിത രാജി ആവശ്യപ്പെട്ടുവെന്ന അധ്യാപകന്‍റെ വീഡിയോ സംസ്ഥാനത്ത് വലിയ രോഷത്തിന് ഇടയാക്കി. പിന്നീട് ഈ വിഷയം അധ്യാപകനും ജോലി ചെയ്യുന്ന സ്ഥാപനവും തമ്മിൽ സൗഹാർദ്ദപരമായി പരിഹരിച്ചു. നഗരത്തിലെ ഒരു കോളേജിലെ അധ്യാപകനായ രൂപേഷ് പുത്തൂർ ആണ് പരാതിയുമായി രംഗത്ത് വന്നത്.
ഒരു വിദ്യാർത്ഥിയുടെ കന്നഡയിലുള്ള ചോദ്യത്തിന് കന്നഡയിൽ മറുപടി നൽകിയതിന് തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് വൈറലായ വീഡിയോയിൽ രൂപേഷ് ആരോപിച്ചിരുന്നു. ഒരു വിദ്യാർത്ഥി കന്നഡയിൽ തന്നോട് എന്തോ ചോദിച്ചു, അതിനനുസരിച്ച് മറുപടി നൽകി. മറ്റൊരു വിദ്യാർത്ഥിക്ക് ഭാഷ മനസ്സിലായില്ലെന്നും ഇംഗ്ലീഷിൽ സംസാരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചു. കന്നഡ പ്രാദേശിക ഭാഷയാണെന്നും അതിനെ ബഹുമാനിക്കണമെന്നും ആ കുട്ടിയോട് പറഞ്ഞുവെന്നും രൂപേഷ് വീഡിയോയിൽ പറഞ്ഞു.
പിറ്റേദിവസം കോളേജ് പ്രിൻസിപ്പൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും രാജിക്ക് സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേ കോളേജ് ഗ്രൂപ്പിന്‍റെ മറ്റൊരു ശാഖയിൽ പഠിക്കുന്ന തന്‍റെ മകളുടെ അക്കാദമിക് രേഖകൾ തടഞ്ഞുവെക്കുമെന്ന് സ്ഥാപനം ഭീഷണിപ്പെടുത്തിയെന്നുള്ള ഗുരുതര ആരോപണവും രൂപേഷ് വീഡിയോയിൽ ഉന്നയിച്ചിരുന്നു.
ഇത് കന്നഡ ഭൂമിയാണ്. മാതൃഭാഷ ഉപയോഗിച്ചതിന് ആർക്കും ജോലി നഷ്ടപ്പെടരുത്. സംഭവം കോളേജിലെ സിസിടിവിയിൽ പകർത്തിയിട്ടുണ്ട് എന്നും അദ്ദേഹം വികാരഭരിതനായി വീഡിയോയിൽ പറഞ്ഞു. വീഡിയോ അതിവേഗം ഓൺലൈനിൽ പ്രചരിക്കുകയും, രൂപേഷിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. കൂടാതെ കർണാടകയിൽ ഭാഷാ അവകാശങ്ങൾക്കുവേണ്ടിയുള്ള പുതിയ ആഹ്വാനങ്ങളും ഉണ്ടായി.
സംഭവം വിവാദമായതോടെ പ്രശ്നങ്ങൾ കോളജ് തന്നെ പരിഹരിക്കുകയായിരുന്നു. കന്നഡ ഭാഷയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണയിൽ ഖേദിക്കുന്നുവെന്നും കോളേജ് എല്ലായ്പ്പോഴും കന്നഡയോടും കർണാടകയോടും ഒപ്പമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും കോളേജ് പ്രിൻസിപ്പൽ വെങ്കിടേഷ് വ്യക്തമാക്കി. തുടര്‍ന്ന് രൂപേഷ് ആരോപണങ്ങൾ പിൻവലിച്ച് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. പ്രശ്നം സൗഹാർദ്ദപരമായി പരിഹരിച്ചുവെന്നും, മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ നിന്നാണ് തന്‍റെ മുൻ അഭിപ്രായങ്ങൾ ഉണ്ടായതെന്നും അദ്ദേഹം രണ്ടാമത്തെ വീഡിയോയിൽ പറയുന്നു.


