ഔറംഗബാദ്: മഴക്കാലത്ത് പുഴ നിറഞ്ഞാല്‍ ഇവിടെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. പുഴ കടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ എത്താന്‍ കഴിയാതെ വരുന്നതോടെ അധ്യയന വര്‍ഷത്തിന്‍റെ പകുതിയും മഴ കൊണ്ടുപോകും. മഹാരാഷ്ട്രയിലെ ഔറംഗബാദിന്‍റെ ഉള്‍പ്രദേശത്തുള്ള സ്കൂളിലാണ് കുട്ടികള്‍ക്ക് ഇത്തരത്തില്‍ പഠനദിവസങ്ങള്‍ നഷ്ടമാകുന്നത്. എന്നാല്‍ ഇതില്‍ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അധ്യാപകര്‍ക്ക് കഴിയുമായിരുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്‍ സുരക്ഷിതമായി എത്തിച്ചേരാന്‍ പുഴക്ക് കുറുകെ മുളകൊണ്ട് പാലം പണതിരിക്കുകയാണ് അധ്യാപകര്‍, അവര്‍ക്ക് പിന്തുണയുമായി  മാതാപിതാക്കളും.

അജന്ത സത്‍മല പര്‍വ്വതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിം ചൗക്കി ഖോര്‍ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകര്‍ തന്നെ പഠനസൗകര്യം ഒരുക്കിയത്. 2001- ല്‍ ആരംഭിച്ച സ്കൂളില്‍ 15- ഓളം കുട്ടികള്‍ സ്കൂളിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് വരുന്നവരാണ്. ഇവര്‍ക്ക് അപകടം കൂടാതെ സ്കൂളില്‍ എത്താനായാണ് പാലം നിര്‍മ്മിച്ചത്. ഔറംഗബാഗില്‍ നടന്ന 'ഡിസൈന്‍ ഫോര്‍ ചേഞ്ച്' എന്ന പരിപാടിയില്‍ പങ്കെടുത്ത അധ്യാപകര്‍ മുള കൊണ്ട് പാലം നിര്‍മ്മിക്കുന്നതിനെ കുറിച്ച് അറിയുകയും അത് പ്രാവര്‍ത്തികമാക്കുകയുമായിരുന്നു. മുളകള്‍ ബന്ധിപ്പിക്കാനുള്ള വയറുകള്‍ വാങ്ങുന്നതിനായ 50 രൂപ മാത്രമാണ് ചെലവായതെന്ന് അധ്യാപകരില്‍ ഒരാളായ സംഘപാല്‍ ഇംഗേ പറഞ്ഞു. 

 

(പ്രതീകാത്മക ചിത്രം)