വാഷ്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ മുറിയ്ക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെ യുവതി ഉറക്കെ നിലവിളിക്കുകയായിരുന്നു.
നോയിഡ: സ്ത്രീ സുഹൃത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത സോഫ്റ്റ്‍വെയർ എഞ്ചിനീയറെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഉത്തർപ്രദേശിലെ നോയിഡയിലായിരുന്നു സംഭവം. എന്നാൽ താൻ വാഷ് റൂമിലായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാഥ്റസിലുള്ള അവാസ് വികാസ് കോളനി സ്വദേശിയായ ഉമേഷ് കുമാർ (38) ആണ് മരിച്ചത്. വ്യാഴാഴ്ച ഒരു യുവതിക്കൊപ്പം നോയിഡ സെക്ടർ 27ലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. യുവതിയും ഉത്തർപ്രദേശ് സ്വദേശിയാണ്. മുറിയിൽ വെച്ച് വാഷ്റൂമിൽ പോയി തിരികെ വരുമ്പോൾ ഉമേഷ് കുമാറിനെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് യുവതി പറഞ്ഞു. യുവാവ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ട് യുവതി ഉറക്കെ നിലവിളിച്ചു. ഇത് കേട്ടാണ് ഹോട്ടലിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ മുറിയിലേക്ക് ഓടിയെത്തിയത്.
ഒരു വളർത്തുനായക്കൊപ്പമാണ് ഇരുവരും ഹോട്ടലിലെത്തിയതെന്നും മുറിയിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആത്മഹത്യ കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ കണ്ടെത്തിയിട്ടില്ല. യുവാവ് വിവാഹിതനാണെന്നും എന്നാൽ ചില കുടുംബ പ്രശ്നങ്ങൾ കാരണം ഭാര്യയുമായി അകന്ന് കഴിയുന്ന ഇയാൾ വിവാഹ മോചനത്തിനുള്ള നടപടികൾ തുടരുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
