പൈപ്പ് തെറിച്ച് തലയിലിടിച്ച് 16 വയസ്സുകാരിയായ ഹീന എന്ന വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചതിന് ഒരു യുവാവിനെയും രണ്ട് പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ്: ദീപാവലി ആഘോഷത്തിനിടെ ഇരുമ്പ് പൈപ്പിനുള്ളിൽ വെച്ച് പടക്കം പൊട്ടിച്ചപ്പോൾ, തെറിച്ചുപോയ പൈപ്പ് തലയിലിടിച്ച് 16 വയസ്സുകാരിക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ സബർമതിയിലെ ചെയിൻപൂർ ഏരിയയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 21-നാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ചെയിൻപൂർ ഏരിയയിൽ, ഒരു യുവാവും രണ്ട് പ്രായപൂർത്തിയാകാത്തവരും ചേർന്ന് പടക്കം ഇരുമ്പ് പൈപ്പിനുള്ളിൽ വെച്ച്, അത് കല്ലുകൾക്കിടയിൽ തിരുകി വെച്ച് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പടക്കം പൊട്ടിയപ്പോൾ ഇരുമ്പ് പൈപ്പ് അതിവേഗത്തിൽ തെറിച്ചുപോവുകയും, സമീപത്ത് നിന്നിരുന്ന ഹീന എന്ന 11-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയിൽ ശക്തമായി ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹീനയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അടുത്ത ദിവസം വൈകുന്നേരം ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ഒക്ടോബർ 21-ന് രാത്രി 11:45-ഓടെയാണ് അപകടം നടന്നത്. ഇരുമ്പ് പൈപ്പ് ഇടിച്ചെന്നല്ലാതെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും കൃത്യമായി മനസിലായിരുന്നില്ല. ഹീനയുടെ അച്ഛൻ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് പിന്നിലെ കാരണം വ്യക്തമായത്. ശ്യാം സൃഷ്ടി എന്ന കെട്ടിടത്തിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ശിവാങ് എന്ന യുവാവും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളും ചേർന്ന് ഇരുമ്പ് പൈപ്പും പടക്കവും ഉപയോഗിച്ച് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നത് കണ്ടെത്തുകയായിരുന്നു.
ദൃശ്യങ്ങൾ സബർമതി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 'ഇരുമ്പ് പൈപ്പിൽ പടക്കം വെച്ച് അശ്രദ്ധമായി പൊട്ടിക്കുകയായിരുന്നു. പൈപ്പ് തെറിച്ചുപോയി ഹീനയുടെ തലയിൽ ഇടിച്ചതാണ് മരണത്തിന് കാരണമായത്," എന്ന് സബർമതി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യുവരാജ്‌സിംഗ് വാദേല സ്ഥിരീകരിച്ചു. പ്രതികളെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
