Asianet News MalayalamAsianet News Malayalam

മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി പെണ്‍കുട്ടി, ഗുരുതര പരിക്ക്, ആത്മഹത്യാശ്രമമെന്ന് പോലീസ്

പെണ്‍കുട്ടിയെ ഉടന്‍ തന്നെ മെട്രോ സ്റ്റേഷനിലെ സുരക്ഷ വിഭാഗം ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു

Teen Jumps In Front Of Metro Train At Noida Station, Hospitalised: Police
Author
First Published Sep 19, 2023, 10:54 PM IST

ദില്ലി: മെട്രോ ട്രെയിനിന് മുന്നില്‍നിന്നും ട്രാക്കിലേക്ക് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. മെട്രോ ട്രെയിന് മുന്നിലേക്ക് ചാടി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പത്തോടെ നോയിഡ സിറ്റി സെന്‍റര്‍ മെട്രോ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെച്ചാണ് സംഭവം. ദില്ലി മെട്രോ റെയില്‍ നെറ്റ്വര്‍ക്കിലെ ബ്ലൂ ലൈന്‍ ഇടനാഴിയില്‍ ദില്ലിയിലേക്കുള്ള മെട്രോ ട്രെയിന്‍ നോയിഡ സിറ്റി സെന്‍റര്‍ മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ട്രെയിനിന് മുന്നിലായുള്ള ട്രാക്കിലേക്ക് അപ്രതീക്ഷിതമായി പെണ്‍കുട്ടി ചാടുകയായിരുന്നു. 

15 വയസു തോന്നിക്കുന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ മെട്രോ സ്റ്റേഷനിലെ സുരക്ഷ വിഭാഗം ജീവനക്കാര്‍ രക്ഷപ്പെടുത്തി. ആദ്യം നോയിഡ ജില്ല ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതമായതിനാല്‍ ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു. പോലീസ് അറിയിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം പോലീസ് മെട്രോ സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചു. പെണ്‍കുട്ടി സ്വയം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതെന്നും അപകടം സംഭവിച്ചതല്ലെന്നും പോലീസ് പറഞ്ഞു. അപകടത്തിന്‍റെ യഥാര്‍ഥ കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് മെട്രോ ട്രെയിന്‍ സര്‍വീസ് അല്‍പനേരത്തേക്ക് തടസപ്പെട്ടു.

ഇക്കഴിഞ്ഞ ജൂലൈയില്‍  ദില്ലിയിലെ ദ്വാരകയില്‍ ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിന് മുന്നിലേക്ക് ചാടി 31കാരന്‍ ജീവനൊടുക്കിയിരുന്നു. പ്രേം നഗര്‍ സ്വദേശിയായ മനിഷ് കുമാര്‍ ആണ് മരിച്ചത്. പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവാവ് ചാടുന്നത് വ്യക്തമായിരുന്നു. 
കഴിഞ്ഞ മെയിലും 32കാരനായ യുവാവ് നോയിഡ സെക്ടര്‍-34 മെട്രോ സ്റ്റേഷനില്‍നിന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ എന്‍ജിനീയര്‍ പ്രശാന്ത് ദീക്ഷിത് ആണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios