മുംബൈ: തോക്കുപയോഗിച്ച് ടിക്ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് കൗമാരക്കാരന് ദാരുണാന്ത്യം. മുംബൈ ഷിര്‍ദിയിലാണ് സംഭവം. ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീക് വഡേക്കര്‍(17) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതീകും ബന്ധുക്കളായ സണ്ണി പവാര്‍(20) നിതിന്‍ വഡേക്കര്‍(27), 11 കാരനായ മറ്റൊരു പയ്യന്‍ എന്നിവര്‍ ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോഴാണ് ടിക്ടോക് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോക്കായി നാടന്‍ തോക്കുമെത്തിച്ചു. ഷൂട്ടിങ്ങിനിടെ ബന്ധുവിന്‍റെ കൈയിലിരുന്ന തോക്കിന്‍റെ ട്രിഗറില്‍ അബന്ധത്തില്‍ വിരലമരുകയായിരുന്നു.

വെടിപൊട്ടിയതോടെ ബന്ധുക്കള്‍ ഹോട്ടല്‍മുറിയില്‍നിന്ന് ഓടി. ഹോട്ടല്‍ ജീവനക്കാരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. പൊലീസെത്തി പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സണ്ണി പവാറിനെയും നിതിന്‍ വഡേക്കറെയും അറസ്റ്റ് ചെയ്തെന്നും ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയെന്നും ഷിര്‍ദി ഇന്‍സ്പെക്ടര്‍ അനില്‍ കട്കെ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.