ബെംഗളൂരു: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. ടെക് കമ്പനികളുടെ നടപടി ജനാധിപത്യത്തിന് ഭീഷണിയെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെതിരെ സോഷ്യൽ മീഡിയയ്ക്ക് ഇങ്ങനെ നടപടിയെടുക്കാമെങ്കിൽ നമ്മളിൽ ആർക്കെതിരെയും സംഭവിക്കാമെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രം ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നും ബെംഗളൂരു സൗത്ത് എംപികൂടിയായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

ഡോണൾഡ് ട്രംപിന്‍റെ വെരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുന്നുവെന്നാണ് ട്വിറ്റർ അറിയിക്കുകയായിരുന്നു. നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

അതേസമയം, ജനുവരി 20-ന് നടക്കുന്ന നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റ് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ''ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20-നുള്ള ഉദ്ഘാടനച്ചടങ്ങിന് ഞാൻ പോകില്ല'', എന്നായിരുന്നു ട്രംപിന്‍റെ അവസാനട്വീറ്റ്. ഇതിന് പിന്നാലെ ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റർ നിരോധിക്കുകയും ചെയ്തു.