ആർജെഡിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 3000ത്തിലേറെ വോട്ടുകൾക്ക് പിന്നിലായി. ബിജെപി സ്ഥാനാർഥി സതീഷ് കുമാറാണ് ലീഡ് ചെയ്യുന്നത്.
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പിന്നിൽ. ആർജെഡിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 3000ത്തിലേറെ വോട്ടുകൾക്ക് പിന്നിലായി. ബിജെപി സ്ഥാനാർഥി സതീഷ് കുമാറാണ് ലീഡ് ചെയ്യുന്നത്.
ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുർ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഇവിടെ നിന്നാണ് തേജസ്വി തെരഞ്ഞെടുക്കപ്പെടുന്നത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട തേജസ്വി ഇത്തവണ കിതക്കുകയാണ്. പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും ഇവിടെ നിന്നായിരുന്നു ജനവിധി തേടിയത്. 2015ൽ 22,733 വോട്ട് ഭൂരിപക്ഷത്തിനും 2020ൽ 38,174 ഭൂരിപക്ഷത്തിനും ജയിച്ചു. അന്നും ബിജെപിയുടെ സതീശ് കുമാറായിരുന്നു എതിരാളി.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിലെ പ്രധാന അംഗമായ കോൺഗ്രസ് ഇത്തവണ ദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മത്സരിച്ച 60 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അതായത് കൺവേർഷൻ നിരക്ക് വെറും 10% മാത്രം.
ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പ്രബല ശക്തിയായിരുന്ന കോൺഗ്രസ് ഇപ്പോൾ ബിഹാറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെടുകയാണ്. 1990ൽ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുടെ കീഴിലായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അവസാനമായി ശക്തമായ സാന്നിധ്യമറിയിച്ചിരുന്നത്. എന്നാൽ, ഇതിന് ശേഷം ചിത്രം മാറി. പിന്നീട് ഒരിക്കലും സംസ്ഥാനത്ത് പ്രബല ശക്തിയായി മാറാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
