ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം കോൺഗ്രസിന് അനുകൂലമായി വരും. ജാതി സെൻസസ് കാലത്തിന്‍റെ ആവശ്യമാണെന്നും അതിനെ മുന്നാക്ക വിഭാഗങ്ങളായ റെഡ്ഡി, കമ്മ എന്നിവർ എതിർക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

ബം​ഗളൂരു: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 80 മുതൽ 85 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് പിസിസി അധ്യക്ഷനും എംപിയുമായ രേവന്ത് റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട്. പത്ത് വർഷം പാഴാക്കിയ കെസിആറിൽ നിന്ന് ജനം മാറ്റമാഗ്രഹിക്കുന്നു. ആറ് ഗ്യാരന്‍റികളും ജാതി സെൻസസും നടപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാ ബദ്ധമാണെന്നും, മുഖ്യമന്ത്രിയാരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രേവന്ത് റെഡ്ഡി പറയുന്നു. 

18.5% വോട്ട് വിഹിതത്തിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ പല എംഎൽഎമാരും ടിആർഎസ്സിനൊപ്പം പോയി. എങ്കിലും കോൺഗ്രസിന് വിജയിക്കാനാകും എന്ന തരത്തിലുള്ള ഇമേജുണ്ടാക്കാനായി. എങ്ങനെയാണ്, എപ്പോഴാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്?

പിസിസി അധ്യക്ഷനായി 2021-ൽ ചുമതലയേറ്റത് മുതൽ 2 വർഷം ഞാൻ നിരന്തരം ജോലി ചെയ്തു. സമരങ്ങൾ നയിച്ചു. ഇനി ഞങ്ങളുടെ ശക്തി തെളിയിക്കണ്ട സമയമാണ്. തെലങ്കാന ജനത കെസിആറിന് പത്ത് വർഷമാണ് നൽകിയത്. ഇനി ജനം മാറ്റം ആഗ്രഹിക്കുന്നു. ഞങ്ങളാണ് ആ മാറ്റം. 

സർവേകൾ പലതും കോൺഗ്രസിന് അനുകൂലമാണെങ്കിലും കെസിആർ നിരന്തരം പ്രചാരണം തുടരുകയാണ്. അതിനെ മറികടക്കാൻ എന്താണ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം?

ജനം കെസിആറിന് സമയം നൽകിയല്ലോ. എന്നിട്ടും വാഗ്ദാനങ്ങൾ നൽകുകയല്ലാതെ കെസിആർ ഒന്നും ചെയ്തിട്ടില്ല. തൊഴിലില്ലായ്മ, ക്ഷേമപദ്ധതികൾ, വികസനം, എല്ലാം കടലാസിലൊതുങ്ങി. എല്ലാ സാധനങ്ങൾക്കും എക്സ്പയറി ഡേറ്റുണ്ടല്ലോ. കെസിആറിന്‍റെയും ബിആർഎസ്സിന്‍റെയും എക്സ്പയറി ഡേറ്റായി. 2004 മുതൽ 2014 വരെ ഹൈദരാബാദിനെ വികസനത്തിലേക്ക് എത്തിച്ച ട്രാക്ക് റെക്കോഡ് കോൺഗ്രസിനുണ്ട്. ആ മാതൃക ജനം തിരിച്ചറിയും. തെലങ്കാനയുടെ വികസനത്തിനുള്ള ദീർഘവീക്ഷണം ആർക്കെന്ന് ജനത്തിനറിയാം. 

കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആറ് ഗ്യാരന്‍റികൾ സാമ്പത്തികപരമായി എങ്ങനെ നടപ്പാക്കുമെന്നാണ് കരുതുന്നത്? വലിയ വെല്ലുവിളിയാണത്?

ഞങ്ങളുടേത് ഒരു സർപ്ലസ് സ്റ്റേറ്റാണ്. പണ്ട് ഹൈദരാബാദ് മാത്രം ഉണ്ടാക്കുന്ന വരുമാനം ഐക്യ ആന്ധ്രയ്ക്ക് മുഴുവനായി വീതിച്ച് നൽകണമായിരുന്നു. ഇപ്പോഴത് ചുരുങ്ങി. കൃത്യം കണക്കുകൂട്ടലോടെയാണ് ഞങ്ങളീ വാഗ്ദാനങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. വരുമാനം തെലങ്കാനയുടെ മുന്നിൽ ഒരു പ്രശ്നമല്ല. കൃത്യം പണം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് കോൺഗ്രസ് വാഗ്ദാനമാണ്. ഞങ്ങളത് നടപ്പാക്കും. 

തെരഞ്ഞെടുപ്പിന് മുമ്പ് വിജയശാന്തി അടക്കം നിരവധി നേതാക്കൾ കോൺഗ്രസിലെത്തി. പക്ഷേ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച നിരവധിപ്പേരുമുണ്ടല്ലോ? അത് വെല്ലുവിളിയാവില്ലേ?

ഒരിക്കലുമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്താൻ അർഹതയുള്ള നൂറ് പേരുണ്ടാകാം. പക്ഷേ 11 പേരെയല്ലേ സെലക്ടർക്ക് തെരഞ്ഞെടുക്കാനാകൂ. സമാനമായ അവസ്ഥ ഇവിടെയുമുണ്ട്. പക്ഷേ എംപി, എംഎൽസി സ്ഥാനങ്ങൾ ഇനിയും വരുമല്ലോ. എല്ലാ നേതാക്കൾക്കും കോൺഗ്രസ് ഇടം നൽകും.

കെസിആർ എൻഡിഎയുടെ ഭാഗമാകാൻ ആഗ്രഹിച്ചുവെന്ന് മോദി പറഞ്ഞല്ലോ. തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാൽ എന്ത് സംഭവിക്കും?

ഈ സംസ്ഥാനത്ത് ഒരിക്കലും തൂക്ക് സഭയുണ്ടായിട്ടില്ല. കോൺഗ്രസ് മൂന്നിലൊന്ന് ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. 

ഡി കെ ശിവകുമാറിന് കൃത്യം സീറ്റെണ്ണത്തിൽ കണക്കുണ്ടായിരുന്നു. താങ്കൾക്ക് അത്തരത്തിൽ കണക്ക് കൂട്ടലുണ്ടോ?

കർണാടക തെരഞ്ഞെടുപ്പിലെ സീറ്റെണ്ണം ഞാനും കൃത്യമായി പ്രവചിച്ചതാണ്. തെലങ്കാനയിൽ ബിആർഎസ്സിന് 25-ൽ താഴെ സീറ്റേ കിട്ടൂ. ബിജെപി ഒറ്റയക്കത്തിലൊതുങ്ങും. എഐഎംഐഎം 5 മുതൽ 6 വരെ. എല്ലാവരും കൂടി 35-37 സീറ്റിലൊതുങ്ങും. കോൺഗ്രസിന് മിനിമം 80 സീറ്റ്. പരമാവധി 85 സീറ്റ്. 

ഒബിസി - ദളിത് - ന്യൂനപക്ഷ ഐക്യം ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമുണ്ടാകുമോ?

എല്ലാ വിഭാഗങ്ങളും ജാതിസമവാക്യങ്ങളും കോൺഗ്രസിന് അനുകൂലമായിരിക്കും. 

ജാതി സെൻസസ് നടപ്പാക്കിയാൽ റെഡ്ഡി, കമ്മ എന്നീ മുന്നാക്കജാതിക്കാർ അത് അനുവദിക്കുമോ?

സാമൂഹ്യനീതി നടപ്പാക്കാൻ കാലത്തിനനുസരിച്ച് നമ്മൾ നീങ്ങിയേ പറ്റൂ. ഞങ്ങളത് നടപ്പാക്കും.

കെസിആറിന് എതിരായി കമ്മറെഡ്ഡിയിൽ മത്സരിക്കുന്നത് തന്നെ ഒരു രാഷ്ട്രീയപ്രസ്താവനയാണല്ലോ? കോൺഗ്രസ് ജയിച്ചാൽ താങ്കളാകില്ലേ മുഖ്യമന്ത്രി?

ഹൈക്കമാന്‍റിന് മുഖ്യമന്ത്രിയാരാകണമെന്ന് തീരുമാനിക്കുന്നതിന് ഒരു പ്രക്രിയയുണ്ട്. ഹൈക്കമാൻഡ് എന്നോട് കമ്മറെഡ്ഡിയിൽ മത്സരിക്കാൻ പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഞാനത് ചെയ്തു. 

പക്ഷേ താങ്കൾ മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നുണ്ട്.

ഉത്തരം: അത് നിങ്ങൾ പറയേണ്ടതാണല്ലോ.

പെട്രോൾ ഡീസൽ വില കുറയും, 4 ഗ്യാസ് സിലിണ്ടർ ഫ്രീ, മത സംവരണം റദ്ദാക്കും; ബിജെപിയുടെ വമ്പൻ വാഗ്ദാനം തെലങ്കാനയിൽ

പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി