Asianet News MalayalamAsianet News Malayalam

'രാജ്യത്തിന്റെ ആത്മാഭിമാനം വളർത്തും', പുതിയ പാർലമെന്റ് മന്ദിരത്തിന് ആശംസയുമായ തെലങ്കാന മുഖ്യമന്ത്രിയുടെ കത്ത്

പദ്ധതിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന എൻഡിഎ കക്ഷിയിലില്ലാത്ത ആദ്യ നേതാവാണ് കെസിആർ...

Telangana CM KCR writes to PM Modi over foundation of new parliament building
Author
Hyderabad, First Published Dec 9, 2020, 11:59 AM IST

ഹൈദരാബാദ്: സെൻട്രൽ വിസ്ത പുതിയ പാർലമെന്റ് മന്ദിരം പദ്ധതിക്ക് ആശംസയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കത്തയച്ചു. പദ്ധതി രാജ്യത്തിന്റെ ആത്മാഭിമാനം വളർത്തുമെന്നും കെസിആർ കത്തിൽ കുറിച്ചു. പദ്ധതിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന എൻഡിഎ കക്ഷിയിലില്ലാത്ത ആദ്യ നേതാവാണ് കെസിആർ.

അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതി അനുമതി നൽകി. നിർമ്മാണ പ്രവർത്തനം തത്കാലം തുടങ്ങരുതെന്ന് കോടതി പറഞ്ഞു. പദ്ധതിക്കായി മരങ്ങൾ മുറിക്കരുതെന്ന് കോടതി പറഞ്ഞു. പദ്ധതിക്ക് തിടുക്കം കാട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10 ന് തറക്കല്ലിടും. 970 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണം 2022 ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ആലോചന. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം 90 വർഷം പഴക്കമുള്ളതാണ്. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്.

പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജയും നടത്തും. പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറിൽ 888 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രാജ്യസഭയിൽ 384 പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കുക. ഭാവിയിൽ അംഗ സംഖ്യ ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണ് ഉള്ളത്. നിലവിലെ പാർലമെന്റ് കെട്ടിടം ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ചതാണ്. 

1921 ഫെബ്രുവരി 12നാണ് ഇതിന്റെ തറക്കല്ലിട്ടത്. 83 ലക്ഷം രൂപ ചെലവിൽ ആറ് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. 1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറൽ ലോർഡ് ഇർവിനാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പുതിയ കെട്ടിടം ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡാണ് നിർമ്മിക്കുന്നത്. 861.90 കോടി രൂപയ്ക്കാണ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ ടാറ്റ നേടിയത്. 

Follow Us:
Download App:
  • android
  • ios