പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവെപ്പ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സൈബരാബാദ് പൊലീസ്.
ഹൈദരാബാദ്: ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ സമിതി ശുപാര്‍ശയ്ക്ക് എതിരെ എതിരെ നിയമനടപടി ആലോചിച്ച് തെലങ്കാന സര്‍ക്കാര്‍. നിയമവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തി. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവെപ്പ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സൈബരാബാദ് പൊലീസ്. അന്വേഷണ ചുമതലയുണ്ടായിരുന്ന പൊലീസ് കമ്മീഷണര്‍ സജ്ജനാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല. ഉത്തരവാദികളായ പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസ് തെലങ്കാന ഹൈക്കോടതിയുടെ പരിഗണന വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍നിയമനടപടിക്കുള്ള സാധ്യത തെലങ്കാന സര്‍ക്കാര്‍ തേടുന്നത്.
എസിപി, ഇന്‍സ്പെക്ടര്‍, എസ്ഐ അടക്കം 10 പൊലീസുകാര്‍ക്ക് എതിരെ ഐപിസി 302,34,201 വകുപ്പുകളില്‍ കേസ് എടുക്കണമെന്നാണ് മൂന്നംഗ സമിതി ശുപാര്‍ശ. പ്രതികളുടെ തലയ്ക്കും നെഞ്ചിലുമാണ് വെടിയേറ്റിരുന്നത്. കൊല്ലാനുള്ള ഉദ്ദേശത്തോടെ മനപ്പൂര്‍വം വെടയുതിര്‍ത്തെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ നശിപ്പിക്കുകയും മറ്റൊരു വീഡിയോ തെറ്റിധരിപ്പിക്കാനായി പൊലീസ് നിര്‍മ്മിച്ച് എടുക്കുകയും ചെയ്തു. തോക്ക് തട്ടിയെടുത്ത് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവെപ്പ് എന്ന നിലപാട് പൊലീസ് ആവര്‍ത്തിക്കുകയാണ്.
അന്വേഷണ ചുമതലയുണ്ടായിരുന്ന സൈബരാബാദ് കമ്മീഷ്ണര്‍ സജ്ജനാറിനെയും തെലങ്കാന സര്‍ക്കാരിനെയും പ്രശംസിച്ചും നന്ദി അറിയിച്ചും അന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പൊലീസിന് ചിലര്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തിരുന്നു. സംഭവ ശേഷം തെലങ്കാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറായി സജ്ജനാറിനെ മാറ്റിയിരുന്നു. 2008ല്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മൂന്ന് പ്രതികള്‍ കസ്റ്റിഡിയിലിരിക്കേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അന്നും അന്വേഷണ ചുമതലയുണ്ടായിരുന്നത് എസിപിയായിരുന്ന സജ്ജനാറിനായിരുന്നു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ടില്‍ എവിടെയും സജ്ജനാറിനെതിരെ ഗുരുതര പരാമര്‍ശങ്ങളില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇതില്‍ പേരില്‍ വേട്ടയാടുകയാണെന്നും പൊലീസുകാരുടെ കുടുംബം ആരോപിച്ചു. സമിതി ശുപാര്‍ശ നിരാശാജനകമെന്ന് വ്യക്തമാക്കി ദിശയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
