അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥിനിയെയാണ് സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ മുടിയില്‍ പിടിച്ച് നിലത്ത് വീഴ്ത്തിയത്.
ഹൈദരബാദ്: പ്രതിഷേധ സമരത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ച് വീഴ്ത്തി പൊലീസുകാര്‍. ബുധനാഴ്ച തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ രാജേന്ദ്ര നഗറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയുടെ 100 ഏക്കര്‍ സ്ഥലം അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു എബിവിപി പ്രതിഷേധം.
പ്രതിഷേധപ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥിനിയെയാണ് സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ മുടിയില്‍ പിടിച്ച് നിലത്ത് വീഴ്ത്തിയത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. '20ഓളം പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനിടെ ചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അവരിലൊരാളായ പെണ്‍കുട്ടിയുടെ മുടിയില്‍ കോണ്‍സ്റ്റബിള്‍ അബദ്ധത്തില്‍ പിടിക്കുകയായിരുന്നെന്ന് രാജേന്ദ്ര നഗര്‍ പൊലീസ് അറിയിച്ചു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പെണ്‍കുട്ടിയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു.' അത് മനസിലായതോടെ വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ തെലങ്കാന പൊലീസ് നിരുപാധികം മാപ്പ് പറയണമെന്ന് ബിആര്‍എസ് എംഎല്‍സി കെ കവിത ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കവിത ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ വലിച്ചിഴയ്ക്കുന്നതും അവര്‍ക്ക് നേരെ ആക്രമണാത്മക പെരുമാറ്റം അഴിച്ചുവിടുന്നതും അംഗീകരിക്കാന്‍ സാധിക്കില്ല. ധിക്കാരപരമായ പെരുമാറ്റത്തില്‍ തെലങ്കാന പൊലീസ് ഖേദപ്രകടനം നടത്തണമെന്നും കവിത ആവശ്യപ്പെട്ടു.
15കാരിയെ പുഴയിൽ കാണാതായെന്ന് കരുതി വ്യാപക തിരച്ചിൽ; ഒടുവിൽ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡിൽ നിന്ന്

