ഹൈദരാബാദ്:  തെലങ്കാനയിൽ മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം പൊലീസ് എത്തി നീക്കം ചെയ്തത് മൂന്ന് ദിവസത്തിന് ശേഷം. പ്രദേശത്ത് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് ആത്മഹത്യ ചെയ്തത്. സ്ത്രീയുടെ മരണത്തിൽ പൊലീസ് ചോദ്യം ചെയ്തതിൽ മനംനൊന്താണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. 

മരിച്ചയാളുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം താഴെ ഇറക്കാൻ പൊലീസിനെ അനുവദിക്കാതിരുന്നതാണ് നടപടികളെടുക്കുന്നതിന് മൂന്ന് ദിവസം വൈകാൻ കാരണം. നിസാമാബാദ് ജില്ലയിലെ സിരിക്കൊണ്ട മണ്ഡാൽ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ദുരൂഹ മരണത്തിൽ 20 ദിവസം മുമ്പ് 40 കാരനായ ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 

പൊലീസിന്റെ മൃ​ഗീയ ചോദ്യം ചെയ്യലിൽ മനംനൊന്താണ് തന്റെ ഭർത്താവ് ജീവനൊടുക്കിയതെന്ന് മരിച്ചയാളുടെ ഭാര്യ ആരോപിച്ചു. മരിച്ചയാളെയും സംശയമുള്ള മറ്റുചിലരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇതിൽ ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നും ഉന്നത് പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിഐയോട് പറഞ്ഞു. ‍‍‍‍‌‌‌‌