സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം
ഹൈദരാബാദ്: തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി. തെലങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മറ്റൊരു വാർത്ത ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ പ്രതിസന്ധി നേരിടുന്നു എന്നതാണ്. ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്നാൽ എൻ ഡി ആർ എഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വൈകുമെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രില്ലിങ്ങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായത് പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുമ്പ് പാളിയിൽ ഇടിച്ച് ചളുങ്ങിയ 800 മില്ലീ മീറ്റർ പൈപ്പ് മുറിച്ചുനീക്കേണ്ടതുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്നും കൃഷ്ണൻ ഷൺമുഖൻ പറഞ്ഞു.
എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനത്തിലൂടെ തൊഴിലാളികളെ പുറത്തെത്തിച്ചാൽ ഇവരെ ചികിത്സിക്കാനായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. എത്രയും വേഗം തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയാണ് എൻ ഡി ആർ എഫ് സംഘം മുന്നോട്ടുവയ്ക്കുന്നത്.
നെഞ്ചിടിപ്പോടെ രാജ്യം; രക്ഷാദൗത്യം അവസാന നിമിഷം പ്രതിസന്ധി, തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യും
