ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി.

ദില്ലി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ച തടയാൻ അസാധാരണനീക്കവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർത്ഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്. സോഷ്യൽ മീഡിയയിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്‍റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദേശീയ പരീക്ഷ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. പരീക്ഷയുടെ സുതാര്യതയെയോ സുഗമമായ നടത്തിപ്പിനെയോ തകർക്കാനോ തടസ്സപ്പെടുത്താനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.