ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവയുടെ ഘടനയിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്കൂൾ പഠനവും മത്സരപരീക്ഷകളും തമ്മിലുള്ള അന്തരം കുറച്ച്, കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ശുപാർശകൾ ലക്ഷ്യമിടുന്നത്. ബോർഡ് പരീക്ഷകൾക്ക് വെയിറ്റേജ് നൽകുന്നതടക്കം മാറ്റങ്ങൾ സമിതിയുടെ പരിഗണനയിലുണ്ട്.

ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും ഘടനയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. സ്കൂൾ പാഠ്യപദ്ധതിയും മത്സരപരീക്ഷകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണ്ണായക ശുപാർശകളുള്ളത്.

സ്കൂളുകളിൽ ആശയാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുമ്പോൾ, എൻട്രൻസ് പരീക്ഷകൾക്ക് സമയപരിധിക്കുള്ളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള പരിശീലനമാണ് ആവശ്യമെന്ന് സമിതി വിലയിരുത്തി. ഈ വിടവാണ് വിദ്യാർത്ഥികളെ വൻതോതിൽ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ ആശ്രിതത്വവും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും കുറയ്ക്കുകയാണ് ലക്ഷ്യം.

എൻസിഇആർടി-യെ പ്രധാന ഏകോപന ഏജൻസിയാക്കി സിബിഎസ്ഇ, എൻടിഎ എന്നിവയുമായി ചേർന്ന് സിലബസും പരീക്ഷാ രീതിയും തുല്യമായി കൊണ്ടുപോകാൻ റിപ്പോർട്ട് നിർദേശിക്കുന്നു. കൂടാതെ, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് 50% വരെ വെയിറ്റേജ് നൽകുന്നതും, 11-ാം ക്ലാസ് തലത്തിൽ പ്രവേശന പരീക്ഷ നടത്തൽ, പരീക്ഷയ്ക്ക് ഒന്നിലധികം അവസരങ്ങൾ നൽകൽ തുടങ്ങിയ നിർദേശങ്ങളും സമിതിയുടെ പരിഗണനയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് കേന്ദ്ര മന്ത്രാലയം വിശദമായി പരിശോധിച്ച് വരികയാണ്.