Asianet News MalayalamAsianet News Malayalam

ഉന്നാവ് കേസിൽ ആശുപത്രിയിൽ കോടതിമുറി: കുൽദീപ് സെംഗാറിനെ ഹാജരാക്കി

അവശനിലയിലായവരുടെ മൊഴിയെടുക്കാൻ ജഡ്‍ജിമാർ ആശുപത്രിയിലെത്താറുണ്ടെങ്കിലും ആശുപത്രിയിൽ തന്നെ താൽക്കാലിക കോടതി സ്ഥാപിക്കുന്നത് അപൂർവമായ നടപടിയാണ്. ദില്ലി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എയിംസിൽ പ്രത്യേക കോടതി സ്ഥാപിച്ചത്. 

Temporary Court In AIIMS, Judge To Record Unnao Rape Survivor's Statement
Author
New Delhi, First Published Sep 11, 2019, 11:31 AM IST

ദില്ലി: ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക കോടതി ജ‍ഡ്‍ജി എയിംസിലെത്തി. എയിംസിൽ താൽക്കാലിക കോടതി രൂപീകരിച്ച് മൊഴി രേഖപ്പെടുത്താനും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാനുമാണ് ദില്ലി ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജഡ്‍ജിയായ ധർമേശ് ശർമയാണ് ഇതിന്‍റെ ഭാഗമായി എയിംസിൽ എത്തിയിരിക്കുന്നത്. 

അവശനിലയിലായവരുടെ മൊഴിയെടുക്കാൻ ജഡ്‍ജിമാർ ആശുപത്രിയിൽ എത്താറുണ്ടെങ്കിലും ആശുപത്രിയിൽ തന്നെ താൽക്കാലിക കോടതി സ്ഥാപിക്കുന്നത് അപൂർവമായ നടപടിയാണ്. 

ജൂലൈയിൽ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചത് മുതൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഉന്നാവ് പെൺകുട്ടി. ആദ്യം ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. 

ഉന്നാവ് കൂട്ടബലാത്സംഗക്കേസിന്‍റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസിൽത്തന്നെ വിചാരണ നടത്താൻ ഹൈക്കോടതി നിർദേശിച്ചത്. വിദഗ്‍ധ ചികിത്സ ആവശ്യമുള്ള പെൺകുട്ടിയുടെ മൊഴിയെടുക്കാനും മറ്റ് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ആശുപത്രിയിൽത്തന്നെ നടത്തുന്നതാണ് നല്ലതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇക്കാര്യമാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. 

rgjqg4bg

ഉന്നാവ് ബലാത്സംഗക്കേസിന്‍റെയും പെൺകുട്ടി അപകടത്തിൽ പെട്ട കേസിന്‍റെയും അന്വേഷണം പൂർത്തിയാക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. 

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ, പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios