ദില്ലിയിൽ നാല് നില കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. കൂടുതൽ വാടക വരുമാനം ലക്ഷ്യമിട്ട് ഉടമ നടത്തിയ നിയമവിരുദ്ധ നിർമ്മാണമാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. കെട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു, എന്നാൽ നിർമ്മാണം നടത്തിയ ബിൽഡർ ഒളിവിലാണ്.

ദില്ലി: ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം സെയ്ദുലാജാബിൽ നാല് നില കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ദുരന്തമുണ്ടായ കെട്ടിടത്തിന്റെ ഉടമ കരംബീർ സെജ്‌വാളിന് ഈ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന വിവിധ കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി മാസം തോറും 10 ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വരുമാനം കൂട്ടാൻ ലക്ഷ്യമിട്ടാണ് ഈ കെട്ടിടത്തിൽ നിയമവിരുദ്ധമായി രണ്ട് നിലകൾ കൂടി കൂട്ടിച്ചേർത്തത്. മാസം അഞ്ച് ലക്ഷം രൂപ കൂടി അധിക വരുമാനം നേടാനുള്ള ഉടമയുടെ ആർത്തിയാണ് വൻ ദുരന്തത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രദേശത്ത് ഗ്രൗണ്ട് ഫ്ലോർ കൂടാതെ മൂന്ന് നിലകൾ മാത്രമേ ഒരു കെട്ടിടത്തിൽ നിർമ്മിക്കാൻ അനുമതിയുള്ളൂ. എന്നാൽ, മനീഷ് ഖത്രി എന്ന കൺസ്ട്രക്ഷൻ സംഘത്തിന് രണ്ട് നില കൂടി പണിയാൻ ഉടമ കരാർ നൽകുകയായിരുന്നു. എട്ട് വർഷം മുൻപാണ് നാല് നില കെട്ടിടം നിർമ്മിച്ചത്. ഇതിൻ്റെ അടിത്തറയ്ക്ക് അധികമായി വരുന്ന രണ്ട് നിലകളുടെ ഭാരം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനകം ഒരു നിലയുടെ പണി പൂർത്തിയായിരുന്നു. അടുത്ത നിലയുടെ പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്..

കെട്ടിടം തകരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനായി ഇതിന്റെ ബേസ്മെന്റിൽ മണ്ണ് തുരന്ന് വലിയ കുഴിയെടുത്തിരുന്നു. ഇതാണ് കെട്ടിടത്തിന്റെ അടിത്തറ പൂർണ്ണമായും തകരാനും കെട്ടിടം നിലംപൊത്താനും പ്രധാന കാരണമായി പോലീസ് സംശയിക്കുന്നത്. കെട്ടിട ഉടമ കരംബീർ സെജ്‌വാളിനെ വസന്ത് കുഞ്ചിലെ ഫാം ഹൗസിൽ നിന്ന് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ അനധികൃത നിർമ്മാണം നടത്തിയ ബിൽഡർ മനീഷ് ഖത്രി ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. നിർമ്മാണ കരാർ ഏറ്റെടുത്ത കോൺട്രാക്ടറെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകളിൽ നിന്ന് ഓരോന്നിൽ നിന്നും 2 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് സെജ്‌വാൾ വാടക വാങ്ങിയിരുന്നത്. ഈ ഓഫീസുകളുടെ ഉടമകൾക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാടക കരാർ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സെജ്‌വാളിന്റെ പേരിലുള്ള നിരവധി വൈദ്യുതി, വാട്ടർ മീറ്ററുകൾ കണ്ടെടുത്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആറ് പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേർ മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുത്തിരുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് ബിരുദധാരികളായ വിദ്യാർത്ഥികളാണ്. കെട്ടിടത്തിന് തൊട്ടടുത്ത് ഒരു സ്ത്രീ നടത്തിയിരുന്ന തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ. കെട്ടിടം തകർന്ന് വീണത് ഈ തട്ടുകടയുടെ മുകളിലേക്കായിരുന്നു. കട നടത്തിയിരുന്ന സ്ത്രീയും അപകടത്തിൽ മരിച്ചു.